ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിലാണ്. 169 പന്തിൽ 10 ബൗണ്ടറി ഉൾപ്പെടെ 82 റൺസ് എടുത്ത ശ്രേയസ് അയ്യരാണ് ക്രീസിൽ ഉള്ളത്. 14 റൺസ് നേടിയിരുന്ന ഓൾറൗണ്ടർ അക്ഷർ പട്ടേൽ ഇന്നത്തെ അവസാന പന്തിൽ പുറത്തായിരുന്നു. ഇന്ത്യക്കായി ചേതേശ്വർ പൂജാര 90 റൺസ് നേടി പുറത്തായി. ബംഗ്ലാദേശിനായി ഇടംകൈയ്യൻ സ്പിന്നർ ടാജിജുൽ ഇസ്ലാം മൂന്ന് വിക്കറ്റും ഓഫ് സ്പിന്നർ മെഹിധി ഹസൻ മിറാസ് രണ്ട് വിക്കറ്റും വീഴ്ത്തി.
രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഗിൽ 20 റൺസും രാഹുൽ 22 റൺസും വിരാട് കോഹ്‌ലി വെറും ഒരു റൺ മാത്രവും എടുത്ത് പുറത്തായി. പിന്നീട് ഋഷഭ് പന്തും പൂജാരയും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷക്കെത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. പന്ത് പുറത്തായ ശേഷം എത്തിയ ശ്രേയസ് അയ്യർ മികച്ച ഇന്നിങ്സ് കളിച്ചതോടെ ഇന്ത്യക്ക് മാന്യമായ ടോട്ടൽ സാധ്യമായി. അഞ്ചാം വിക്കറ്റിന് ഇരുവരും ചേർന്ന് 149 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് സെഞ്ചുറിക്ക് 10 റൺസ് അകലെ പൂജാരയുടെ വിക്കറ്റ് നഷ്ടമായത്. അയ്യർ നാളെ സെഞ്ചുറി നേട്ടം കൈവരിക്കുമോയെന്നു കാത്തിരുന്നു കാണാം.
ആദ്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ നേരത്ത് ഒരു കൗണ്ടർ അറ്റാക്കിങ് ഇന്നിങ്സിലൂടെ ഋഷഭ് പന്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഏകദിനശൈലിയിൽ ബാറ്റ് വീശിയ അദ്ദേഹം, അർഹിച്ച അർദ്ധസെഞ്ച്വറി നേട്ടത്തിന് നാലു റൺസ് അകലെ ക്ലീൻ ബോൾഡായി പുറത്താകുകയായിരുന്നു. മേഹിധി ഹസൻ മിറാസ് എറിഞ്ഞ മുപ്പത്തിരണ്ടാം ഓവറിലെ മൂന്നാം പന്തിൽ സിക്സ് നേടിയ ശേഷമായിരുന്നു തൊട്ടടുത്ത പന്തിൽ അദ്ദേഹം പുറത്തായത്. ലോ ഫുൾ ടോസ് പന്തിൽ ഒരു മികച്ച സ്ലോഗ് സ്വീപിലൂടെ ഡീപ് മിഡ് വിക്കറ്റിലേക്ക് ആണ് സിക്സ് നേടിയത്. എങ്കിലും നാലാം പന്തിൽ ബാറ്റിൽ തട്ടി ഇൻസൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റിൽ കൊള്ളുകയായിരുന്നു. 45 പന്തിൽ 6 ഫോറും 2 സിക്സും അടക്കമാണ് പന്ത് 46 റൺസ് എടുത്തത്.
വീഡിയോ :