ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയത്തിനരികെ ഇന്ത്യ. 513 എന്ന കൂറ്റൻ സ്‌കോർ പിന്തുടരുന്ന ബംഗ്ലാദേശ് നാലാം ദിനം കളി നിർത്തുമ്പോൾ 272/6 എന്ന നിലയിലാണ്. ഷാക്കിബ് അൽ ഹസൻ (40), മെഹിദി ഹസൻ മിറാസ് (9) എന്നിവരാണ് ക്രീസിൽ. 4 വിക്കറ്റ് കൈയിരിക്കെ ഷാക്കിബിന്റെ പടയ്ക്ക് ജയിക്കാൻ ഇനിയും 241 റൺസ് വേണം. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് നാളെ ജയം നേടാനാകും.
സ്പിന്നർ അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒന്നാം ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അരങ്ങേറ്റക്കാരൻ സക്കീർ ഹസൻ (224 പന്തിൽ 100), ക്ഷമയോടെ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടി ബംഗ്ലാദേശ് സ്കോറിൽ നിർണായകമായി.
സക്കീറും ഷാന്റോയും (156 പന്തിൽ 67) നാലാം ദിനം ഒരു സെഷൻ മുഴുവൻ ബാറ്റ് ചെയ്ത് ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചിരുന്നു. ഒന്നാം വിക്കറ്റിൽ 124 റൺസാണ് കൂട്ടിച്ചേർത്തത്. ഷാന്റോയെ പുറത്താക്കി ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ യാസിർ അലിയെയും മുസ്ഫിഖുർ റഹീമിനെയും ബൗൾഡ് ആക്കി അക്‌സർ പട്ടേലും ഒപ്പം ചേർന്നു. സെഞ്ചുറി നേടിയ അരങ്ങേറ്റകാരനെ അശ്വിനാണ് കോഹ്‌ലിയുടെ കൈകളിൽ എത്തിച്ച് പുറത്താക്കിയത്.
നൂറുൽ ഹസനെ പുറത്താക്കിയാണ് അക്‌സർ പട്ടേൽ മൂന്നാം വിക്കറ്റ് നേടിയത്. അതിവേഗ സ്റ്റംപിങ്ങിലൂടെ റിഷഭ് പന്താണ് നൂറുലിനെ കുടുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. വിക്കറ്റിന് പിറകിൽ ഇന്ന് റിഷഭ് പന്ത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കോഹ്ലിയുടെ കയ്യിൽ നിന്ന് വഴുതിയ ക്യാച്ചും റിഷഭ് എടുത്തിരുന്നു.
നേരത്തെ രണ്ടാമത്തെ ഇന്നിങ്സിൽ ഗില്ലിന്റെയും പൂജാരയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ 513 എന്ന വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽ വെച്ചിരിക്കുന്നത്. ആവേശകരമായ ടെസ്റ്റ് മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം അനിവാര്യമാണ്.