നാഗ്പൂർ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 132 റൺസിനും ഓസ്ട്രേലിയയെ തകർത്ത് ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യക്ക് ശുഭാരംഭം. രണ്ടാം ഇന്നിങ്സിൽ 223 റൺസ് ലീഡ് പിന്തുടർന്ന ഓസീസ് വെറും 91 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. ഇന്ന് ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുൻപ് 400 റൺസിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. വെറും ഒരു സെഷൻ മാത്രം പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ ചായക്ക് മുമ്പേതന്നെ എല്ലാവരെയും കൂടാരംകയറ്റി മത്സരം കൈക്കലാക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ആയിരുന്നു കൂടുതൽ അപകടകാരി.
321-7 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 70 റൺസ് എടുത്ത ജഡേജയുടെ വിക്കറ്റ് ആദ്യ മണിക്കൂറിൽ തന്നെ നഷ്ടമായി. ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യയെ വേഗം ചുരുട്ടിക്കൂട്ടി വൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുന്നതിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതിയെങ്കിലും ഷമിയും അക്ഷർ പട്ടേലും ചേർന്ന അർദ്ധസെഞ്ചുറി കൂട്ടുകെട്ട് ആ മോഹങ്ങൾ അസ്ഥാനത്താക്കി. ഏകദിനശൈലിയിൽ ബാറ്റ് വീശിയ ഷമിയായിരുന്നു കൂടുതൽ അപകടകാരി. ഷമി 37 റൺസും പട്ടേൽ 84 റൺസും എടുത്തു ഇന്ത്യൻ ടോട്ടൽ 400 റൺസിൽ എത്തിച്ചു.
ഒരു ഘട്ടത്തിൽ പോലും ഓസീസ് താരങ്ങൾ ചെറുത്തുനിൽപ് പ്രകടിപ്പിക്കാതെ ഇരുന്നതോടെ വിക്കറ്റുകളുടെ ഘോഷയാത്രയാണ് കാണാൻ കഴിഞ്ഞത്. 32.3 ഓവറിൽ 91 റൺസിൽ ഓൾഔട്ട്. 25 റൺസ് എടുത്ത് പുറത്താകാതെ നിന്ന സ്റ്റീവൻ സ്മിത്ത് ആണ് ടോപ് സ്കോറർ. ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതവും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി അശ്വിന് മികച്ച പിന്തുണ നൽകി. മത്സരത്തിലാകെ 7 വിക്കറ്റുകൾ വീഴ്ത്തുകയും ഒന്നാം ഇന്നിംഗ്സിൽ 70 റൺസ് നേടുകയും ചെയ്ത ജഡേജയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
അതിനിടെ മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വാക്കുകൾ എല്ലാവരിലും ചിരിപടർത്തി. മത്സരത്തിൽ ഓസ്ട്രേലിയൻ താരങ്ങൾ ആയിരുന്നില്ല താൻ നേരിട്ട വെല്ലുവിളി എന്നാണ് അദ്ദേഹം പറഞ്ഞത്. മറിച്ച് ഇന്ത്യൻ ടീമിലെ തന്നെ താരങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു താൻ കൈകാര്യം ചെയ്യേണ്ടിവന്നത്. എല്ലാവരും സ്വന്തം റെക്കോർഡുകൾ തകർക്കാനുള്ള മത്സരത്തിലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് എടുത്തപ്പോൾ ആകെ 249 ടെസ്റ്റ് വിക്കറ്റുകൾ എത്തിച്ചു. അതേ സമയം ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് ലഭിച്ച അശ്വിൻ ആകട്ടെ, രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 250 ടെസ്റ്റ് വിക്കറ്റ് തികയ്ക്കാൻ ജഡേജയും അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കാൻ അശ്വിനും ലക്ഷ്യം വച്ചപ്പോൾ ഓരോ ഓവറിലും ആർക്ക് പന്തു നൽകണം എന്നുള്ള മനോവിഷമത്തിൽ ആയിരുന്നു താനെന്നും രോഹിത് വെളിപ്പെടുത്തി.