Categories
Latest News

എക്കാലത്തെയും മികച്ച ക്യാച്ചുകളിൽ ഒന്നോ?! മൊയീൻ അലിയെ പുറത്താക്കാൻ സാഹസിക ക്യാച്ചുമായി സൗത്ത്ആഫ്രിക്കൻ താരം ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പരമ്പര നേടി സൗത്ത് ആഫ്രിക്ക. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തിൽ ജയം നേടിയതോടെ 2-1 പരമ്പര നേടുകയായിരുന്നു. നിർണായക മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ സൗത്ത്‌ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹെൻഡ്രിക്സിന്റെയും (50 പന്തിൽ 70) മാർക്രമിന്റെയും (36 പന്തിൽ 51) ഇന്നിംഗ്സ് മികവിൽ 191 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 101 റൺസ് നേടിയപ്പോഴേക്കും മുഴുവൻ താരങ്ങളും കൂടാരം കയറി. 16.4 ഓവറിൽ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്കൻ സ്പിന്നർമാരുടെ കരുത്തിൽ എറിഞ്ഞിടുകയായിരുന്നു. മുന്നിൽ നിന്ന് നയിച്ച ശംസി 4 ഓവറിൽ 24 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 3.4 ഓവറിൽ 21 റൺസ് വിട്ട് കൊടുത്ത് കേശവ് മഹാരാജും 2 വിക്കറ്റ് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് നിരയിൽ 30 പന്തിൽ 27 റൺസ് നേടിയ ബെയ്‌ർസ്റ്റോയാണ് ടോപ്പ് സ്‌കോറർ. ഓപ്പണിങ്ങിൽ എത്തിയ ക്യാപ്റ്റൻ ബട്ട്ലർ 10 പന്തിൽ 14 റൺസ് നേടി നിരാശപ്പെടുത്തി. മധ്യനിരയിൽ മൊയീൻ അലി (3), ലിവിങ്സ്റ്റൺ (3), സാം കരൻ (9) എന്നിവരും നിരാശപ്പെടുത്തി.

മത്സരത്തിനിടെ മൊയീൻ അലിയെ പുറത്താക്കാൻ സൗത്താഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്‌സ് എടുത്ത അവിശ്വസനീയ ക്യാച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. 10ആം ഓവറിലെ അവസാന പന്തിൽ  മൊയീൻ അലി സിംഗിൾ ലക്ഷ്യമാക്കി കളിച്ച ഷോട്ടാണ് സ്റ്റബ്‌സ് തകർപ്പൻ ഡൈവിലൂടെ ഒറ്റ കയ്യിൽ പിടികൂടിയത്. വലത് ഭാഗത്തേക്ക് ഫുൾ ഡൈവ് ചെയ്താണ് ഈ സാഹസിക ക്യാച്ച് കൈപിടിയിൽ ഒതുക്കിയത്.

അതേസമയം സീരീസിലെ ആദ്യ മത്സരം ജയിച്ച മുന്നിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക തുടർന്നുള്ള 2 മത്സരവും ജയിച്ച് കീഴടക്കുകയായിരുന്നു. നേരെത്തെ ഏകദിന പരമ്പരയിലെ  അവസാന മത്സരം മഴകാരണം ഉപേക്ഷിച്ചതിനാൽ 1-1 ന് സമനിലയിൽ ആയിരുന്നു. സൗത്ത്ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇനി ശേഷിക്കുന്നത് 3 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 17ന് തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *