മഴ കാരണം അൽപ്പം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മത്സരം 5 ഓവർ പിന്നിട്ടപ്പോൾ 1ന് 54 റൺസുമായി ഇന്ത്യ ശക്തമായ നിലയിലാണ്. ഓപ്പണിങ്ങിൽ എത്തിയ രോഹിതും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസ് ബൗളർമാരെ ആക്രമിച്ച് കളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
ആദ്യ ഓവറിൽ 8 റൺസും രണ്ടാം ഓവറിൽ 6 റൺസും മൂന്നാം ഓവറിൽ 25 റൺസുമാണ് അടിച്ചു കൂട്ടിയത്.
രണ്ടാം മത്സരത്തിൽ 6 വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിന്റെ ജയത്തിൽ നിർണായക പങ്ക്വഹിച്ച മേകൊയെയാണ് രോഹിതും സൂര്യകുമാർ യാദവും ചേർന്ന് പഞ്ഞിക്കിട്ടത്. ആ ഓവറിൽ ഇരുവരും ചേർന്ന് 3 സിക്സറുകൾ പറത്തി.
എന്നാൽ മികച്ച രീതിയിൽ പോവുകയായിരുന്ന രോഹിത് അഞ്ചാം ഓവറിലെ നാലാം പന്തിൽ സിക്സ് പറത്തിയതിന് പിന്നാലെ ബൗൾഡായി പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന രോഹിതിനെ വിൻഡീസ് സ്പിന്നർ ഹൊസെയ്നാണ് പുറത്താക്കിയത്. 16 പന്തിൽ 3 സിക്‌സും 2 ഫോറും ഉൾപ്പെടെ 33 റൺസാണ് അടിച്ചു കൂട്ടിയത്.
12 പന്തിൽ 18 റൺസുമായി സൂര്യകുമാർ യാദവും 2 പന്തിൽ 1 റൺസുമായി ഹൂഡയുമാണ് ക്രീസിൽ. അതേസമയം നാലാം ടി20യില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ 3 മത്സരത്തിലും കാര്യമായി സ്‌കോർ ചെയ്യാൻ അയ്യറിന് സാധിച്ചിരുന്നില്ല. ഹർദിക് പാണ്ഡ്യയ്ക്കും അശ്വിനും പകരക്കാരായി അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയ് എന്നിവർ കൂടി പ്ലേയിംഗ് ഇലവനിലെത്തിയിട്ടുണ്ട്. നിലവിൽ 5 മത്സരങ്ങൾ അടങ്ങിയ ടി20യിൽ 2-1ന് മുന്നിലാണ് ഇന്ത്യ.