ഏറെക്കാലമായി ഇന്ത്യൻ ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിക്കാൻ വളരെയധികം കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്ന മലയാളി താരം സഞ്ജു വി സാംസന്റെ സമയം തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ എന്ന് വേണമെങ്കിൽ പറയാം. ഇന്ത്യൻ ഏകദിന ടീമിൽ സഞ്ജു തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നു.
എല്ലാ പരമ്പരകളിലും ഒന്നോ രണ്ടോ മത്സരങ്ങൾ കളിപ്പിച്ച് പിന്നീട് ടീമിന് പുറത്ത് പോകേണ്ടിവരുന്ന സ്ഥിതിയാണ് വർഷങ്ങളായി സഞ്ജുവിന് ഉണ്ടായിരുന്നത്. എന്നാൽ സഞ്ജു ഇപ്പോൾ കഴിഞ്ഞ രണ്ട് പരമ്പരയിലും എല്ലാ മത്സരങ്ങളും കളിച്ചിരിക്കുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിലും സിംബാബ്‌വെ പര്യടനത്തിലും ഒരു മത്സരം പോലും താരത്തിന് പുറത്തിരിക്കേണ്ടി വന്നില്ല.
വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിംഗിലും ഒരു പോലെ മികവ് തെളിയിച്ച സഞ്ജു ഇപ്പോൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും പുറത്തുമുള്ള നിരവധി ആരാധകരുടെ സ്നേഹവും പിന്തുണയും പ്രോത്സാഹനവും സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ടീം എവിടെ പോയാലും അവിടെയെല്ലാം വളരെ ചുരുങ്ങിയ മത്സരങ്ങളിൽ മാത്രം ഇന്ത്യക്കായി കളിച്ചിട്ടുള്ള സഞ്ജുവിന് മറ്റെല്ലാ കളിക്കാരേക്കാളും ഉയർന്ന ഫാൻ സപ്പോർട്ട് ലഭിക്കുന്നു.
സിംബാബ്‌വെക്കേതിരായ മൂന്നാം ഏകദിന മത്സരം ആരംഭിക്കുന്നതിന് മുൻപ് സ്റ്റാർ സ്പോർട്സ് അദ്ദേഹത്തെ അഭിമുഖം നടത്തിയിരുന്നു. മുൻ ഇന്ത്യൻ താരം രോഹൻ ഗവസ്കറുടെ ചോദ്യങ്ങൾക്ക് വളരെ എളിമയോടെ മറുപടി നൽകുന്ന സഞ്ജുവിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം മത്സരത്തിൽ 39 പന്തിൽ പുറത്താകാതെ 43 റൺസ് നേടി പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ സഞ്ജുവിന്റെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.
അതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തനിക്ക് ഇത്തരം സമ്മർദ്ദഘട്ടത്തിൽ കളിച്ച് ടീമിനെ വിജയിപ്പിക്കാനായതിൽ വളരെ അധികം സന്തോഷം തോന്നുന്നു. ടീമിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കാത്തതിൽ വിഷമമുണ്ട് എങ്കിലും എല്ലാം പോസിറ്റീവ് ആയി എടുക്കാനാണ് താൻ ശ്രമിച്ചത്. ടീമിന് വെളിയിൽപോയ സമയത്ത് ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് തന്റെ കഴിവ് മെച്ചപ്പെടുത്താൻ പരിശ്രമിച്ചുവെന്നും ഐപിഎല്ലിൽ നായകനായതോടെ തന്റെ മത്സരത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ സാധിച്ചുവെന്നും സഞ്ജു പറയുന്നു.
എല്ലായിടത്തും തന്നെ പിന്തുണക്കുന്ന ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സഞ്ജു അഭിമുഖം അവസാനിപ്പിച്ചത്. സത്യം പറയാമല്ലോ ഈ ആരാധകപിന്തുണ തന്നെ ശരിക്കും അമ്പരപ്പിച്ചുവെന്നും ഇത്രയും ചുരുങ്ങിയ മത്സരങ്ങളിൽ കളിച്ച തനിക്ക് ഇത് ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും സഞ്ജു പറഞ്ഞു. ഒരുപാട് മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. കാരണം കുറെയേറെ ചേട്ടാ… ചേട്ടാ… വിളികൾ എനിക്ക് എല്ലായിടത്തും കേൾക്കാൻ സാധിക്കുന്നു. ഒരു മലയാളിയായി ജനിച്ചതിൽ തനിക്ക് വളരെയേറെ അഭിമാനമുണ്ടെന്നും ഭാരതത്തെ പ്രതിനിധീകരിച്ച് കളിക്കുന്ന ഒരു മലയാളി ക്രിക്കറ്റ് താരമായതിൽ അതിലേറെ സന്തോഷം തോന്നുന്നുവെന്നും സഞ്ജു വാചാലനായി.