റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി ട്വന്റി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ലേജൻഡ്സ് ടീമും സൗത്താഫ്രിക്കൻ ലേജൻഡ്സ് ടീമും ഏറ്റുമുട്ടുകയാണ്. മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണർ നമാൻ ഓജയെ പുറത്താക്കാൻ കിടിലൻ ക്യാച്ച് എടുത്ത് സൗത്താഫ്രിക്കൻ നായകൻ ജോണ്ടി റോഡ്സ്.
തന്റെ കരിയറിലെ പ്രതാപകാലത്ത് മികച്ച ഫീൽഡിംഗ് പ്രകടനം കൊണ്ടും ക്യാച്ചുകൾ കൊണ്ടും പേരെടുത്ത ഒരു താരമായിരുന്നു അദ്ദേഹം. സാധാരണ താരങ്ങൾ ബാറ്റിംഗ് കൊണ്ട് അല്ലെങ്കിൽ ബോളിങ് കൊണ്ട് ഒക്കെ പ്രശസ്തി നേടുന്ന സമയത്ത് ഗ്രൗണ്ട് ഫീൽഡിംഗ് കൊണ്ട് മാത്രം പ്രശസ്തി നേടിയ താരമാണ് റോഡ്സ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർ ആയാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
മത്സരത്തിന്റെ ഏഴാം ഓവറിൽ ആയിരുന്നു സംഭവം. വാൻ ദേർ വാത്ത് എറിഞ്ഞ ആദ്യ പന്തിൽ കട്ട് ഷോട്ട് കളിക്കാനാണ് ഓജ ശ്രമിച്ചത്. എന്നാൽ പോയിന്റ് റീജിയണിൽ നിൽക്കുകയായിരുന്ന ജോണ്ടി റോഡ്സ് ഒരു റിഫ്ലക്‌സ് ക്യാച്ചിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തന്റെ മുഖത്തിന് നേരെ വേഗത്തിൽ വന്ന പന്ത് വളരെ പെട്ടെന്ന് കയ്യിലൊതുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 18 പന്തിൽ നിന്നും 4 ബൗണ്ടറി അടക്കം 21 റൺസ് ആണ് ഓജ നേടിയത്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ലേജൻഡ്സ് ടീമിൽ പുതുമുഖങ്ങൾ ആയി സ്റ്റുവർട്ട് ബിന്നിയും കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റൈനയും ഇടംപിടിച്ചു. വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് ടൂർണമെന്റിൽ കളിക്കുന്നില്ല.
5.1 ഓവറിൽ 46 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ സച്ചിനും ഓജയും കൂട്ടിച്ചേർത്തു. 15 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 16 റൺസ് എടുത്ത സച്ചിനാണ് ആദ്യം പുറത്തായത്.
മഖയ എന്റിനിക്കായിരുന്നു വിക്കറ്റ്. ഒന്നിൽകൂടുതൽ തവണ സച്ചിന്റെ ക്യാച്ച് സൗത്താഫ്രിക്കൻ താരങ്ങൾ വിട്ടുകളഞ്ഞിരുന്നു. എങ്കിലും അത് മുതലാക്കി വൻ സ്കോർ കണ്ടെത്താൻ സച്ചിന് കഴിഞ്ഞില്ല. വൺ ഡൗണായി എത്തിയ സുരേഷ് റൈന 22 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റൺസെടുത്ത് പുറത്തായി. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.