റോഡ് സേഫ്റ്റി സീരീസിലെ തങ്ങളുടെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് ലജൻഡ്സ് ടീമിനെതിരെ ഇന്ത്യ ലജൻഡ്സ് ടീമിന് 40 റൺസിന്റെ ആവേശോജ്ജ്വല വിജയം. മഴമൂലം 15 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ഇംഗ്ലണ്ടിന്റെ മറുപടി 130/6 ന് അവസാനിച്ചു. ഡെറാഡൂണിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടന്നത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ തകർത്ത് തുടങ്ങിയ ഇന്ത്യക്ക് പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും മഴ മൂലം കളി ഉപേക്ഷിക്കപ്പെട്ടു. രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസ് ടീമിനെതിരെ ഒരു പന്തുപോലും എറിയാതെയാണ് കളി മഴ കൊണ്ടുപോയത്. മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് ടീമിനെതിരെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 5.5 ഓവറിൽ 49/1 എടുത്തുനിൽക്കെ മഴ എത്തുകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ തന്റെ ബാറ്റിംഗ് കൊണ്ട് ഒരിക്കൽ കൂടി നമ്മളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഓവർ വെട്ടിച്ചുരുക്കിയതോടെ അതിവേഗം റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നു മനസ്സിലാക്കി മികച്ച സ്ട്രൈക്ക് റേറ്റിൽ സച്ചിനും മറ്റു ഇന്ത്യൻ താരങ്ങളും ബാറ്റ് ചെയ്തു. 20 പന്ത് നേരിട്ട സച്ചിൻ 3 വീതം ബൗണ്ടറിയും സിക്സും പറത്തി 40 റൺസ് നേടിയാണ് പുറത്തായത്. സച്ചിൻ തന്നെയാണ് പിന്നീട് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
ഇന്ത്യൻ ഇന്നിംഗ്സിലെ മൂന്നാം ഓവറിന്റെ അവസാന 3 പന്തുകളിൽ 6,6,4 എന്നിങ്ങനെ അടിച്ചുകൂട്ടിയ സച്ചിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ക്രിസ് ട്രെമ്ലെട്ട് ആയിരുന്നു ബോളർ. നാലാം പന്തിൽ അല്പം മുന്നോട്ടാഞ്ഞു പന്തിനെ കോരിയെടുത്ത് വിക്കറ്റിന് പിന്നിലേക്ക് കിടിലൻ സിക്സ്. അഞ്ചാം പന്തിൽ ക്രീസിൽ നിന്നും മുന്നോട്ട് സ്‌റ്റെപ്പൗട്ട് ചെയ്ത് കയറിവന്ന് ലോങ് ഓണിലേക്ക് ഒരു കൂറ്റൻ സിക്സ്. അവസാന പന്തിൽ ലോങ് ഓണിനും മിഡ് വിക്കറ്റിനും ഇടയിലൂടെ ബൗണ്ടറിയും.
തന്റെ 49 ആം വയസ്സിലും ഇത്ര ചുറുചുറുക്കോടെ ബാറ്റിംഗ് തുടരുന്ന സച്ചിന്റെ വെടിക്കെട്ട് ബാറ്റിംഗ് കണ്ട ആവേശത്തിൽ മറ്റു ഇന്ത്യൻ താരങ്ങളും നിറയെ ബൗണ്ടറിയും സിക്സും അടിച്ചുകൂട്ടി. യുവരാജ് സിംഗ് 15 പന്തിൽ 31 റൺസും യുസുഫ് പഠാൻ 11 പന്തിൽ 27 റൺസും എടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റീഫൻ പാരി മാത്രമാണ് ബോളിങ്ങിൽ തിളങ്ങിയത്, ബാക്കി എല്ലാവരും നിറയെ റൺസ് വഴങ്ങി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ട് താരങ്ങളെ ഉയർന്ന സ്കോർ നേടാൻ സമ്മതിച്ചില്ല. രാജേഷ് പാവാർ മൂന്ന് വിക്കറ്റ് നേടി തിളങ്ങിയപ്പോൾ സ്റ്റുവർട്ട് ബിന്നിയും പ്രഗ്യാൻ ഓജയും മൻപ്രീത് ഗോണിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന സീരീസിൽ ഓരോ ടീമിനും അഞ്ച് മത്സരങ്ങൾ വീതം ആണുള്ളത്. ഇന്ത്യയുടെ അവസാന മത്സരം ഞായറാഴ്ച ബംഗ്ലാദേശ് ടീമിന് എതിരെയാണ്. ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകൾക്ക് എതിരെ ഇന്ത്യക്ക് മത്സരമില്ല. ഓരോ ടീമിനും അഞ്ച് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ വരുന്നവർ സെമി ഫൈനലിൽ ഇടം നേടും. ഇന്ത്യയാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
6 6 4 Watch Video :