Categories
Cricket

ഇന്ത്യ കളിച്ച് ജയിച്ചതല്ല ,മഴ കാരണം ആണ് ജയിച്ചത് ! അമ്പയർമാർ ഇന്ത്യയ്ക്ക് വേണ്ടി പണിയെടുക്കുന്നു ,ആരോപണവുമായി ബംഗ്ലാദേശ് – പാകിസ്ഥാൻ ആരാധകർ

അത്യന്തം നാടകീയത നിറഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യക്ക് 5 റൺസിന്റെ നിർണായകവിജയം. ഇതോടെ പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു സെമിഫൈനൽ ഏകദേശം ഉറപ്പാക്കി. മഴനിയമപ്രകാരമാണ് ഇന്നത്തെ ഇന്ത്യൻ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ്‌ നേടിയത്. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 7 ഓവറിൽ 66/0 എന്ന നിലയിൽ നിൽക്കെയാണ് മഴ എത്തിയത്. ഏതാണ്ട് മുക്കാൽ മണിക്കൂറോളം സമയം നഷ്ടപ്പെട്ടതോടെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി ചുരുക്കി. പുതുക്കിയ കളിയുടെ സാഹചര്യം പ്രകാരം ഒരു ബോളർക്ക് നാല് ഓവറും ബാക്കിയുള്ളവർക്ക് പരമാവധി മൂന്ന് ഓവറുമാണ് എറിയാൻ കഴിയുമായിരുന്നത്.

മഴക്ക് ശേഷം കളി ആരംഭിച്ചപ്പോൾ ബംഗ്ലാദേശിന്റെ തകർച്ചക്കും തുടക്കമായി. അശ്വിൻ എറിഞ്ഞ എട്ടാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ 27 പന്തിൽ 60 റൺസ് നേടി ഇന്ത്യയെ വിറപ്പിച്ച ഓപ്പണർ ലിട്ടൺ ദാസ് റൺഔട്ട് ആകുകയായിരുന്നു. ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ച ശാന്റോ ഡബിൾ ഓടാൻ തുടങ്ങി. എന്നാൽ നോൺ സ്ട്രൈക്കർ എൻഡിലേക്ക് തിരികെ ഓടുന്നതിനിടെ ദാസ് ഒന്ന് തെന്നിവീഴാൻ പോയിരുന്നു. അതുമൂലം രാഹുലിന്റെ ഡയറക്ട് ത്രോയിൽ മികച്ചൊരു ഡൈവിങ് ശ്രമം നടത്തിയിട്ടും രക്ഷയുണ്ടായില്ല.

മടങ്ങുന്ന നേരത്ത് അമ്പയർ ഇരാസ്മസിനെ നോക്കി ദേഷ്യപ്പെട്ടുകൊണ്ടാണ് ദാസ് പോയത്. കാരണം മഴക്ക് ശേഷം പൂർണമായി ഉണങ്ങാതിരുന്ന ഗ്രൗണ്ടിൽ മത്സരം തുടർന്നു നടത്തിയതിൽ ബംഗ്ലാ താരങ്ങൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മത്സരം തങ്ങൾക്ക് അനുകൂലമാക്കി. അവസാന ഓവറുകളിൽ വാലറ്റം പൊരുതിനോക്കിയെങ്കിലും വിജയം അകന്നുനിന്നു.

16 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി അർഷദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ അർദ്ധസെഞ്ചുറി നേടിയ രാഹുലിന്റെയും, 64 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും, അതിവേഗം 30 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെയും മികവിലാണ് ഇന്ത്യ 20 ഓവറിൽ 184 റൺസ് നേടിയത്. അവസാന ഓവറിൽ അശ്വിൻ നേടിയ ഒരു ഫോറും സിക്സും മത്സരത്തിൽ നിർണായകമായി.

മത്സരം കഴിഞ്ഞു സമൂഹമാധ്യമങ്ങളിൽ ബംഗ്ലാ കടുവകളുടെ ഫാൻസിന്റെ വക തെറിവിളിയും മറ്റും അരങ്ങേറുന്നുണ്ട്. തങ്ങൾ ജയിച്ച മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത് ഒട്ടും ശരിയായില്ല എന്നാണ് അവർ പറയുന്നത്. ആദ്യ 7 ഓവറിൽ 66/0 ആയിരുന്നു അവരുടെ സ്കോർ, പിന്നീടുള്ള 9 ഓവറിൽ 79/6 ആയിരുന്നു നേടാൻ കഴിഞ്ഞത്. ഇത് മഴ പെയ്തശേഷം പൂർണമായി ഉണങ്ങാത്ത ഗ്രൗണ്ടിൽ മത്സരം നടത്തിയത് കൊണ്ടാണ് എന്നും അവർ വാദിക്കുന്നു. അമ്പയർമാർക്കെതിരെയും ട്വന്റി ട്വന്റി ലോകകപ്പ് സംഘാടകർക്കെതിരെയും അവർ വിമർശനം ഉന്നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *