ബംഗ്ലാദേശിനെ 5 റൺസിന് പരാജയപ്പെടുത്തി ഇന്ത്യക്ക് ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമത്സരത്തിൽ അവിസ്മരണീയ വിജയം. അവസാന പന്തുവരെ ആവേശംനിറഞ്ഞ പോരാട്ടത്തിൽ മഴനിയമപ്രകാരമായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. ബംഗ്ലാദേശ് ചെയ്സ് ചെയ്ത് 7 ഓവറിൽ 66/0 എന്ന നിലയിൽ എത്തിയപ്പോൾ മഴ പെയ്യുകയും പിന്നീട് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർനിർണയിക്കുകയും ചെയ്തു. എങ്കിലും അവർക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
27 പന്തിൽ 7 ഫോറും 3 സിക്സും അടക്കം 60 റൺസ് എടുത്ത ഓപ്പണർ ലിട്ടൺ ദാസ് തുടക്കത്തിൽ ഇന്ത്യയെ വിറപ്പിച്ചെങ്കിലും മഴക്ക് ശേഷം മത്സരം തുടർന്ന രണ്ടാം പന്തിൽതന്നെ ഒരു കിടിലൻ റൺഔട്ടിലൂടെ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ അദ്ദേഹത്തെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. പിന്നീട് വന്ന താരങ്ങൾ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനുമുമ്പേ ഇന്ത്യൻ ബോളർമാർ അവരെ പുറത്താക്കിയിരുന്നു. അവസാന ഓവറുകളിൽ നൂറുൽ ഹസനും(14 പന്തിൽ 25) ടാസ്കിൻ അഹമ്മദും(7 പന്തിൽ 12) കിണഞ്ഞുപരിശ്രമിച്ചുവെങ്കിലും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല.
ഇന്ത്യക്കായി അർഷദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ അർദ്ധസെഞ്ചുറി നേടിയ രാഹുലിന്റെയും, 64 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും, അതിവേഗം 30 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെയും മികവിലാണ് ഇന്ത്യ 20 ഓവറിൽ 184 റൺസ് നേടിയത്. അവസാന ഓവറിൽ അശ്വിൻ നേടിയ ഒരു ഫോറും സിക്സും മത്സരത്തിൽ നിർണായകമായി. ടൂർണമെന്റിലെ 4 മത്സരങ്ങൾ കളിച്ചതിൽ മൂന്നിലും അർദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇങ്ങനെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഒരുപാട് താരങ്ങളുടെ പ്രകടനങ്ങൾ ഉണ്ടെങ്കിലും കൂടുതൽ പേരാലും പ്രശംസിക്കപ്പെടാതെ പോയേക്കാവുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. മഴക്ക് ശേഷം കളി തുടർന്ന സമയത്ത് നിരവധി തവണ അദ്ദേഹം മത്സരദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റാരുമല്ല, ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ അംഗമായ ‘രഘു’ എന്ന് എല്ലാവരും വിളിക്കുന്ന രാഘവേന്ദ്രയായിരുന്നു അദ്ദേഹം. ഒരു കയ്യിൽ കുപ്പിവെള്ളവും മറുകയ്യിൽ ഒരു കനമുള്ള ബ്രഷും പിടിച്ചുകൊണ്ട് ബൗണ്ടറിലൈനിന് ചുറ്റും അദ്ദേഹം ഓടിനടക്കുന്നത് കാണാമായിരുന്നു.
ഇതെന്തിന് വേണ്ടിയായിരുന്നു എന്നുവെച്ചാൽ ഗ്രൗണ്ടിലെ ഔട്ട് ഫീൽഡ് മഴയ്ക്ക് ശേഷം നനഞ്ഞു കുതിർന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ താരങ്ങളുടെ ഷൂസിന് താഴെയുള്ള സ്പൈക്കുകളിൽ ചളി കട്ടപിടിച്ചു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. താരങ്ങൾ ഗ്രൗണ്ടിൽ തെന്നിവീഴാനും സാധ്യതയുണ്ടായിരുന്നു. ഗ്രൗണ്ടിന് ചുറ്റും നടന്ന് ഇന്ത്യൻ താരങ്ങളുടെ ഷൂസുകൾ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി കൊടുക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
വളരെക്കാലമായി ഇന്ത്യൻ ടീമിനൊപ്പം തുടരുന്ന ഒരംഗമാണ് അദ്ദേഹം. ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്‌സിൽ പന്തെറിഞ്ഞുകൊടുക്കുന്ന ത്രോഡൗൺ സ്പെഷ്യലിസ്റ്റ്. വളരെ വേഗത്തിൽ പന്തെറിഞ്ഞുകൊടുത്തിരുന്ന അദ്ദേഹത്തെ മുൻ നായകൻ എം എസ് ധോണി വിശേഷിപ്പിച്ചിരുന്നത് ‘ഇന്ത്യൻ ടീമിലെ ഒരേയൊരു വിദേശപേസർ’ എന്നായിരുന്നു. കാരണം തുടർച്ചയായി 140-150 കിലോമീറ്റർ വേഗത്തിൽ അദ്ദേഹം പന്തെറിഞ്ഞുകൊടുക്കുമായിരുന്നു. സമീപകാലത്ത് പേസും ബൌൺസും നിറഞ്ഞ വിദേശ പിച്ചുകളിൽ ഇന്ത്യൻ ടീമിന്റെ വിജയങ്ങളിൽ ഒരു പങ്ക് ഇദ്ദേഹത്തിനും അവകാശപ്പെട്ടതാണെന്ന് വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.