Categories
Cricket

ഇന്ത്യൻ വിജയത്തിലെ ‘അശ്വിൻ ഇഫക്ട്’; കളിയുടെ ഗതിതിരിച്ച റൺ ഔട്ടിലെ അശ്വിന്റെ പങ്ക്.. വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമത്സരത്തിൽ ഇന്നലെ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തങ്ങളുടെ സെമിഫൈനൽ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. അവസാന പന്തുവരെ ആവേശംനിറഞ്ഞ പോരാട്ടത്തിൽ മഴനിയമപ്രകാരമായിരുന്നു 5 റൺസിന്റെ ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. ബംഗ്ലാദേശ് മറുപടി ബാറ്റിങ്ങിൽ 7 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 66 റൺസ് എടുത്തുനിൽക്കെ മഴ പെയ്യുകയും ഇടവേളക്ക് ശേഷം വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർനിർണയിക്കുകയും ചെയ്തു. എങ്കിലും അവർക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

https://twitter.com/jenaanita824/status/1587783716897980422?t=iz7UwDiOgDss3MNZOtTc3Q&s=19

ഇന്ത്യക്കായി അർഷദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ അർദ്ധസെഞ്ചുറി നേടിയ രാഹുലിന്റെയും, 64 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും, അതിവേഗം 30 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെയും മികവിലാണ് ഇന്ത്യ 20 ഓവറിൽ 184 റൺസ് നേടിയത്. ടൂർണമെന്റിലെ 4 മത്സരങ്ങൾ കളിച്ചതിൽ മൂന്നിലും അർദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

27 പന്തിൽ 7 ഫോറും 3 സിക്സും അടക്കം 60 റൺസ് എടുത്ത ഓപ്പണർ ലിട്ടൺ ദാസ് ബംഗ്ലാദേശിന് വേണ്ടി പൊരുതിനോക്കിയെങ്കിലും മറ്റുള്ള താരങ്ങൾക്ക് അദ്ദേഹത്തിന്റെ അതേ ശൈലിയിൽ കളിച്ച് പിന്തുണ നൽകാൻ സാധിച്ചില്ല. മഴ ഇടവേളക്ക് ശേഷം എട്ടാം ഓവർ എറിയാൻ നായകൻ രോഹിത് ശർമ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെയാണ് പന്തേൽപ്പിച്ചത്. രണ്ടാം പന്തിൽ തന്നെ ഡബിൾ ഓടാനുള്ള ശ്രമത്തിൽ രാഹുലിന്റെ ഡയറക്ട് ത്രോയിൽ ദാസ് റൺഔട്ട് ആകുകയായിരുന്നു.

നോൺസ്ട്രൈക്കർ എൻഡിൽ നിൽക്കുന്ന താരങ്ങൾ ബോളർ പന്ത് എറിയുന്ന ആക്ഷൻ പൂർത്തിയാക്കുന്നതിന് മുൻപേ ക്രീസ്‌ വിട്ടിറങ്ങുന്ന പതിവിന് അറുതിവരുത്തിയതിൽ അശ്വിനും നിർണായകപങ്കുണ്ട്. അങ്ങനെ ചെയ്യുന്നവരെ ബോളിങ് ആക്ഷൻ പകുതിക്ക് വച്ച് നിർത്തി പന്ത് വിക്കറ്റിൽ കൊള്ളിച്ച് പുറത്താക്കുന്നത് ക്രിക്കറ്റിന്റെ മാന്യതക്ക്‌ ചേർന്ന പ്രവർത്തിയല്ല എന്നാണ് ഒരു കൂട്ടർ വാദിച്ചിരുന്നത്. ഐസിസി ‘മങ്കാദിങ്‌’ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇത്തരം പുറത്താക്കൽ രീതി ഇനി മുതൽ റൺഔട്ട് ആയി കണക്കാക്കും എന്ന് നിയമം ഉണ്ടാക്കിയിരുന്നു. ഇതിനായി അശ്വിൻ ഐസിസിക്ക് മേൽ സ്വാധീനം ചെലുത്തിയിരുന്നു.

ബോളർ അശ്വിൻ ആയതുകൊണ്ടുതന്നെ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ദാസ് ക്രീസിൽ തുടരുകയായിരുന്നു. സഹഓപ്പണർ ശന്റോയുടെ ബാറ്റിൽ പന്ത് കൊള്ളുമ്പോഴും അദ്ദേഹം ക്രീസ് വിട്ടിറങ്ങിയിരുന്നില്ല. അതുകൊണ്ട് ഡബിൾ ഓടി തിരികെ എത്തുമ്പോൾ ഒരു ഫുൾ ലെങ്ങ്‌ത് ഡൈവ് കാഴ്ചവെച്ചിട്ടും ഇഞ്ചുകളുടെ വ്യത്യാസത്തിൽ റൺഔട്ടായി. മാത്രമല്ല, അവിടെ അശ്വിൻ കറക്റ്റ് വിക്കറ്റിന്റെ പുറകിലായാണ് നിന്നിരുന്നത്. അതുകൊണ്ട് തിരക്കുകൂട്ടി പന്ത് കൈക്കലാക്കി വിക്കറ്റിൽ കൊള്ളിക്കാൻ ശ്രമിക്കാതെ പന്ത് വരുന്ന ദിശ നോക്കി അതിനെ നേരെവന്നു വിക്കറ്റിൽ കൊള്ളാൻ അനുവദിക്കുകയായിരുന്നു. ഇതും സമയം പാഴാക്കാതെ റൺഔട്ട് നേടുന്നതിൽ സഹായിച്ചു.

ക്രിക്കറ്റ് നിയമങ്ങൾ അരച്ചുകലക്കികുടിച്ചിരിക്കുന്ന അശ്വിനെ സഹതാരങ്ങളും ആരാധകരും സ്നേഹപൂർവം പേരിട്ട് വിളിക്കുന്നത് ‘ദി പ്രൊഫസർ’ എന്നാണ്. ബോളിങ്ങിൽ കുറച്ച് റൺസ് വിട്ടുകൊടുത്തിട്ടും ഇന്ത്യൻ ടീം മാനേജ്മെന്റ് അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കുന്നത് ഇതൊക്കെകൊണ്ടാണ്. നേരത്തെ ഇന്ത്യൻ ബാറ്റിങ്ങിൽ ഫിനിഷർമാരായ പാണ്ഡ്യയും കാർത്തിക്കും പട്ടേലും വൻഷോട്ടുകൾ കളിക്കാതെ പുറത്തായപ്പോൾ അവസാന ഓവറിൽ ഒരു ഫോറും സിക്സും അടിച്ച അശ്വിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ 180 കടത്തിയത്. അശ്വിനേമാറ്റി ഇതുവരെ കളിക്കാൻ അവസരം നൽകാത്ത ഇന്ത്യയുടെ പ്രധാന സ്പിന്നർ ചഹലിന് ചാൻസ് കൊടുക്കാൻ മുൻ താരങ്ങളും ആരാധകരും നിരന്തരം ആവശ്യപ്പെട്ടിട്ടും ടീം അശ്വിനെത്തന്നെ ഇറക്കുന്നത് ബാറ്റിങ്ങിലെ ഈ മുൻതൂക്കംകൊണ്ട് കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *