ഇന്നലെ ഇന്ത്യയോട് 5 റൺസിന് പരാജയപ്പെട്ടതിനുപിന്നാലെ ഇന്ത്യൻ താരം വിരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബംഗ്ലാദേശ് ടീം. മത്സരത്തിനിടെ ബംഗ്ലാ ഇന്നിങ്സിന്റെ സമയത്ത് ഫീൽഡ് ചെയ്യുകയായിരുന്ന കോഹ്‌ലി കയ്യിൽ പന്തില്ലാതെ ‘ഫൈക്ക് ത്രോ ആക്ഷൻ’ കാണിച്ചത് നിയമവിരുദ്ധമാണെന്നും അതിന് തങ്ങൾക്ക് 5 റൺസ് പെനൽറ്റി നൽകേണ്ടിയിരുന്നുവെന്നും മത്സരശേഷം നടന്ന പത്ര സമ്മേളനത്തിൽ വച്ച് ബംഗ്ലാ താരം നൂറുൽ ഹസൻ വ്യക്തമാക്കി.
അഡ്‌ലൈഡ് ഓവലിൽ നടന്ന മത്സരത്തിൽ അക്ഷർ പട്ടേൽ എറിഞ്ഞ ഏഴാം ഓവറിൽ ആയിരുന്നു ഇതിന് ആസ്പദമായ സംഭവം നടന്നത്. അപ്പോൾ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ലീട്ടൻ ദാസ് ഡീപ് ഓഫ് സൈഡിലേക്ക് കളിക്കുകയായിരുന്നു. പന്തെടുത്ത അർഷദീപ് സിംഗ് ത്രോ എറിഞ്ഞത്, പോയിന്റിൽ നിൽക്കുകയായിരുന്ന കോഹ്‌ലിയുടെ സമീപത്ത് കൂടിയാണ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കയ്യിലേക്ക് പോയത്.
തന്റെ സമീപത്തുകൂടി പന്ത് പോയ സമയം കോഹ്‌ലി ഒന്ന് വെട്ടിത്തിരിഞ്ഞ് നോൺസ്ട്രൈക്കർ എൻഡിലേക്ക് പന്ത് എറിയുന്ന ആക്ഷൻ കാണിച്ചിരുന്നു. പന്ത് കൈവശമില്ലാതെ ഇങ്ങനെ ചെയ്യുന്നത് നിയമപ്രകാരം തെറ്റാണെന്നും അതിന് അമ്പയർമാർ ബംഗ്ലാദേശിന് 5 റൺസ് പെനൽറ്റിയായി നൽകണമായിരുന്നു എന്നു പറയുകയാണവർ. പക്ഷേ അന്നേരം ദാസും സഹഓപ്പണർ ശാന്റോയും അമ്പയറോടു യാതൊന്നും പരാതി പറഞ്ഞിരുന്നില്ല എന്നതാണ് വസ്തുത.
ക്രിക്കറ്റ് നിയമം ആർട്ടിക്കിൾ 41.5 പ്രകാരം, ഗ്രൗണ്ടിലെ താരങ്ങളുടെ നിയമവിരുദ്ധ പ്രവൃത്തിയുമായി ബന്ധപ്പെട്ടതിൽ പറയുന്നത് ഇപ്രകാരമാണ്. മനപൂർവ്വമായി ഒരു ഫീൽഡർ ബാറ്ററെ റൺസ് എടുക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നതും അന്യായമായി കബളിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കാം എന്നാണ്. അത്തരം സന്ദർഭങ്ങളിൽ അമ്പയർമാർക്ക് ആ പന്ത് ഡെഡ് ബോൾ വിളിക്കാനും ബാറ്റിംഗ് ടീമിന് 5 റൺസ് പെനൽറ്റിയായി ദാനംചെയ്യാനും അധികാരം നൽകുന്നുണ്ട്.