ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ അവസാന മത്സരത്തിൽ സിംബാബ്‌വെയെ 71 റൺസിന് തകർത്ത ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ടേബിൾ ടോപ്പേഴ്സായി സെമിഫൈനലിൽ പ്രവേശിച്ചു. മെൽബൺ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 82507 കാണികളെ സാക്ഷികളാക്കിയായിരുന്നു ഇന്ത്യയുടെ ഏകപക്ഷീയ വിജയം. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ ടീം 17.2 ഓവറിൽ വെറും 115 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
15 റൺസെടുത്ത നായകൻ രോഹിത് ശർമ്മയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രാഹുലും 50 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 26 റൺസ് എടുത്ത കോഹ്‌ലി പുറത്തായതോടെ എത്തിയ സൂര്യകുമാർ യാദവ് പിന്നീട് വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. 35 പന്തിൽ 3 വീതം ഫോറും സിക്സും സഹിതം അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ഉടനെ രാഹുൽ പുറത്തായി. ദിനേശ് കാർത്തികിന് പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും 5 പന്തിൽ 3 റൺസ് മാത്രം നേടി നിരാശപ്പെടുത്തി. ഒടുവിൽ 18 പന്തിൽ 18 റൺസ് എടുത്ത പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യ 16 ഓവറിൽ 125/4 എന്ന നിലയിൽ ആയിരുന്ന ഇന്ത്യയെ 186/5 എന്ന നിലയിലേക്ക് എത്തിച്ചു. വെറും 25 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 61 റൺസ് നേടിയ സൂര്യ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഓപ്പണർ വെസ്ലിയെ ആദ്യ പന്തിൽ തന്നെ ഭുവനേശ്വർ കോഹ്‌ലിയുടെ കൈകളിൽ എത്തിച്ചു. രണ്ടാം ഓവറിൽ അർഷദീപ് സിംഗ് ചക്കാബ്വയെ ക്ലീൻ ബോൾഡ് ആക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. 7.3 ഓവറിൽ 36/5 എന്ന നിലയിൽ ആയിരുന്ന അവരെ മാന്യമായ സ്കോർ നേടാൻ സഹായിച്ചത് ആറാം വിക്കറ്റിൽ റയാൻ ബെളും സിക്കാന്ദർ റാസയും ചേർന്ന് സൃഷ്ടിച്ച 60 റൺസിന്റെ കൂട്ടുകെട്ടാണ്. ബെളിനെ ക്ലീൻ ബോൾഡ് ആക്കി അശ്വിൻ കൂട്ടുകെട്ട് പോളിച്ചതോടെ സിംബാബ്‌വെ ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇന്ത്യക്കായി ഇന്ന് പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി എന്നത് ശ്രദ്ധേയമായി. അശ്വിൻ മൂന്ന് വിക്കറ്റും ഷമി, പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോൾ അർഷദീപ് സിംഗ്, അക്ഷർ പട്ടേൽ, ഭുവനേശ്വർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മത്സരത്തിനിടെ ഗാലറിയിൽ ഉണ്ടായിരുന്ന ഒരു ഇന്ത്യൻ ആരാധകൻ കളിക്കളത്തിലേക്ക് ഓടിവന്ന സംഭവവും ഉണ്ടായിരുന്നു. ഇന്ത്യൻ ടീം ഫീൽഡിംഗ് ചെയ്യുന്ന സമയത്ത് ആയിരുന്നു അത്. കയ്യിൽ ഇന്ത്യൻ കൊടിയുമേന്തി നായകൻ രോഹിത് ശർമയുടെ അരികിലേക്ക് ഓടിയെത്തുമ്പോഴേക്കും രണ്ട് സെക്യൂരിറ്റി ഗാർഡ് ചേർന്ന് അയാളെ കീഴ്പ്പെടുത്തി. വീഴ്ചയിൽ കയ്യിലുണ്ടായിരുന്ന ഇന്ത്യൻ ഫ്ളാഗ് നിലത്തുവീഴുകയും ചെയ്തിരുന്നു. ഉടനെ രോഹിത് അവിടേക്ക് ഓടിയെത്തുകയും ഇന്ത്യൻ ഫ്ളാഗ് അവിടെനിന്ന് പെട്ടെന്ന് എടുക്കാൻ സെക്യൂരിറ്റികളോട് നിർദ്ദേശിക്കുകയും ചെയ്തു. അയാളെ ദയവുചെയ്ത് നിങ്ങൾ ഉപദ്രവിക്കരുത് എന്നും അപേക്ഷിക്കുകയും ചെയ്താണ് രോഹിത് അവരെ പറഞ്ഞുവിട്ടത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
വീഡിയോ :