ട്വന്റി ട്വന്റി ലോകകപ്പ് ആദ്യ സെമിഫൈനലിൽ ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് മികച്ച സ്കോർ കണ്ടെത്താൻ പൊരുതുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അവർ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. 28 റൺസ് എടുത്ത നായകൻ വില്യംസനും 21 റൺസൊടെ ഡരിൽ മിച്ചലുമാണ് ക്രീസിൽ. ഫിൻ അലൻ 4 റൺസും ഗ്ലെൻ ഫിലിപ്സ് 6 റൺസും കോൺവെ 21 റൺസും എടുത്തു പുറത്തായി.
അത്യന്തം നാടകീയത നിറഞ്ഞ ആദ്യ ഓവർ ആയിരുന്നു മത്സരത്തിൽ പാക്കിസ്ഥാൻ താരം ഷഹീൻ ഷാ അഫ്രീദി എറിഞ്ഞത്. ആദ്യ പന്തിൽ തന്നെ മിഡ് ഓണിലൂടെ സ്ട്രയിറ്റ് ബൗണ്ടറി നേടിയ ഫിൻ അലൻ നയം വ്യക്തമാക്കി. എന്നാൽ രണ്ടാം പന്തിൽ അലനെ വിക്കറ്റിന് മുന്നിൽ കുരുക്കി അഫ്രിദിയും പാക്ക് താരങ്ങളും അപ്പീൽ ചെയ്തു. അൽപനേരം ആലോചിച്ചശേഷം അമ്പയർ ഇരാസ്മസ് വിരലുയർത്തി. അലൻ റിവ്യൂ നൽകുകയും അതിൽ ഇൻസൈഡ് എഡ്ജ് ഉണ്ടെന്ന് കാണുകയും നോട്ട് ഔട്ട് വിളിക്കുകയും ചെയ്തു. മൂന്നാം പന്തിലും അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി അപ്പീൽ ചെയ്തപ്പോൾ ഇപ്രാവശ്യം ഇരാസ്മസ് പെട്ടെന്ന് തന്നെ വിരലുയർത്തി. പക്ഷേ ഇത്തവണ അലൻ റിവ്യൂ നൽകിയെങ്കിലും ഫലമുണ്ടായില്ല, കാരണം അത് നേരെ വിക്കറ്റിൽ കൊള്ളും എന്ന് വ്യക്തമായി. അതോടെ പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചു.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കൈൻ വില്യംസൻ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇപ്രാവശ്യം സിഡ്നിയിൽ നടന്ന മത്സരങ്ങളിൽ ഏഴിൽ ആറെണ്ണവും ആദ്യ ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഇരു നായകന്മാരും തങ്ങൾ ആദ്യം ബാറ്റ് ചെയ്യാനാണ് താത്പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുമുൻപ് ഇരു ടീമുകളും ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയത് 2007 ലോകകപ്പിൽ ആയിരുന്നു. അന്ന് വിജയിച്ച പാക്കിസ്ഥാൻ ഫൈനലിൽ കടക്കുകയും അവിടെ ഇന്ത്യയോട് കീഴടങ്ങുകയും ചെയ്തു.