ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ പാക്കിസ്ഥാൻ ന്യൂസിലാൻഡിനെ നേരിടുകയാണ്, ഗ്രൂപ്പ് ചാമ്പ്യൻമാർ ആയാണ് കിവീസ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത് മറുവശത്ത് പാക്കിസ്ഥാൻ നെതർലാന്റ് സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ അട്ടിമറി വിജയത്തിന്റെ ആനുകൂല്യത്തിൽ അവസാന നിമിഷം സെമിഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു, ഗ്രൂപ്പ് ഘട്ടത്തിൽ അവസാന നിമിഷം വരെ പാക്കിസ്ഥാൻ ആരാധകർ പോലും സെമിഫൈനലിലേക്ക് അവർ യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കിവീസ് ഓപ്പണിങ് ബാറ്റർ ആയ ഫിൻ അലനെ (4) ഷഹീൻ അഫ്രിഡി തുടക്കത്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി, മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയെ (21) ശദബ് ഖാൻ റൺ ഔട്ട് ആക്കുകയും പിന്നാലെ മികച്ച ഫോമിലുള്ള ഗ്ലെൻ ഫിലിപ്പ്സിനെ (6) മുഹമ്മദ് നവാസ് പുറത്താക്കുകയും ചെയ്തത്തോടെ ന്യൂസിലാൻഡ് 49/3 എന്ന നിലയിൽ ആയി.
മത്സരത്തിൽ മുഹമ്മദ് നവാസ് എറിഞ്ഞ എട്ടാം ഓവറിൽ വില്യംസണെ റൺ ഔട്ട് ആക്കാനുള്ള സുവർണാവസരം പാകിസ്താന് ലഭിച്ചിരുന്നു, ഗ്ലെൻ ഫിലിപ്പ്സ് കളിച്ച ഒരു ഡിഫെൻസ് ഷോട്ട് മുഹമ്മദ് നവാസിന്റെ കൈകളിൽ എത്തിയ സമയത്ത് വില്യംസൺ ക്രീസിന് പുറത്തായിരുന്നു, വിക്കറ്റിലേക്ക് ബോൾ എറിയാൻ നവാസ് ആക്ഷൻ കാണിച്ചെങ്കിലും ബോൾ വിക്കറ്റിലേക്ക് എറിഞ്ഞില്ല, എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ നവാസിന് മനസ്സിലായി അതൊരു മികച്ച അവസരമായിരുന്നു കിവീസ് നായകനെ ഔട്ട് ആക്കാൻ എന്ന്, വില്യംസൺ 15 റൺസ് മാത്രം എടുത്ത് നിൽക്കുമ്പോഴാണ് പാകിസ്താൻ ഈ അവസരം പാഴാക്കിയത്.