ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് ആദ്യ സെമിഫൈനലിൽ പാക്കിസ്ഥാനെ നേരിടുന്ന ന്യൂസിലൻഡ് ടീമിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓൾറൗണ്ടർ ഡാറിൽ മിച്ചലിന്റെയും 46 റൺസ് എടുത്ത് പുറത്തായ നായകൻ വില്യംസന്റെയും ഇന്നിംഗ്സുകളാണ് അവർക്ക് കരുത്തായത്.
ടോപ് ഓർഡർ തകർന്നപ്പോൾ 8 ഓവറിൽ 49/3 എന്ന നിലയിൽ ആയിരുന്ന അവരെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വില്യംസനും മിച്ചലും ചേർന്നു നേടിയ 68 റൺസിന്റെ കൂട്ടുകെട്ടാണ് കൈപിടിച്ചുയർത്തിയത്. ഫിൻ അലൻ 4 റൺസും ഗ്ലെൻ ഫിലിപ്സ് 6 റൺസും കോൺവെ 21 റൺസും എടുത്തു പുറത്തായി. വില്യംസൻ പുറത്തായശേഷം എത്തിയ ജിമ്മി നീഷാം 12 പന്തിൽ 16 റൺസ് എടുത്ത് പുറത്താകാതെ നിന്നു; മിച്ചൽ 35 പന്തിൽ 53 റൺസും. പാക്കിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് മുഹമ്മദ് നവാസിനു ലഭിച്ചു.
മത്സരത്തിലെ പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ ഡാരിൽ മിച്ചലിനെ പുറത്താക്കാൻ ലഭിച്ച മികച്ച ഒരു റൺഔട്ട് അവസരം പാക്കിസ്ഥാൻ പാഴക്കിയിരുന്നു. ഹാരിസ് റൗഫ് എറിഞ്ഞ പന്തിൽ ന്യൂസിലൻഡ് നായകൻ കൈയ്‌ൻ വില്യംസൻ ലോങ് ഓണിലേക്ക് കളിച്ച് ഡബിൾ നേടുകയായിരുന്നു. എന്നാൽ മിച്ചൽ നോൺസ്ട്രൈക്കർ എൻഡിലേക്ക് തിരികെ എത്തുന്നതിന് മുന്നേ അനായാസം റൺഔട്ട് ആക്കാമായിരുന്നു. നവാസ് മികച്ചൊരു ത്രോ എറിഞ്ഞുകൊടുത്തപ്പോൾ ബോളർ ഹാരിസ് റൗഫ് ഒറ്റയടിക്ക് പന്ത് പിടിക്കുകയും വിക്കറ്റിൽ കൊള്ളിക്കുകയും ചെയ്യാമെന്ന് കരുതിയെങ്കിലും കയ്യിൽ നിന്നും പന്ത് വഴുതിപ്പോകുകയും കൈ മാത്രം വിക്കറ്റിൽ കൊള്ളിക്കാൻ പോകുകയുമാണ് ഉണ്ടായത്. കിട്ടിയ ജീവൻ ശരിക്ക് മുതലാക്കിയ മിച്ചൽ അർദ്ധസെഞ്ചുറി പൂർത്തിയാക്കി ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചു.