പാകിസ്ഥാൻ-ഇംഗ്ലണ്ട് തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം മൂന്നാം ദിനം ലഞ്ച് ബ്രേക്കിൽ എത്തി നിൽക്കുകയായാണ്. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് ഉയർത്തിയ 657 പിന്തുടർന്ന പാകിസ്ഥാൻ 3ന് 298 എന്ന നിലയിലാണ്. ഷെഫീഖും ഇമാമുൾ ഹഖും നല്കിയ മികച്ച തുടക്കത്തിന് ശേഷം പാകിസ്ഥാൻ പെട്ടെന്ന് തന്നെ 3 വിക്കറ്റ് നഷ്ട്ടമായിരിക്കുകയാണ്. പാകിസ്ഥാൻ ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 225 റൺസാണ് കൂട്ടിച്ചേർത്തത്.
225ൽ നിൽക്കെ 114 റൺസ് നേടിയ ഷഫീഖ് പുറത്തായതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് തകർന്നത്. പിന്നാലെ 121 റൺസ് നേടിയ ഇമാമുൾ ഹഖും പുറത്തായി. മൂന്നാമനായി ക്രീസിൽ എത്തിയ അസർ അലി 27 നേടി മടങ്ങിയതോടെയാണ് പാകിസ്ഥാൻ 3ന് 290 എന്ന നിലയിൽ എത്തിയത്.
28 റൺസുമായി ക്യാപ്റ്റൻ ബാബർ അസമും പൂജ്യം റൺസിൽ ഷകീലുമാണ് ക്രീസിൽ. സ്പിന്നർ ജാക്ക് ലീച്ച് 2 വിക്കറ്റും വിൽ ജാക് ഒരു വിക്കറ്റും വീഴ്ത്തി. അതെസമയം മത്സരത്തിനിടെ ബോൾ ഷൈൻ ചെയ്യാൻ ഇംഗ്ലണ്ട് താരം റൂട്ട് സഹതാരം ജാക്ക് ലീച്ചിന്റെ തല ഉപയോഗിക്കുന്ന ദൃശ്യം ആരാധകരിലും കമന്റർമാരിലും ചിരിപ്പടർത്തിയിട്ടുണ്ട്.
പാകിസ്ഥാന്റെ ഇന്നിംഗ്‌സിലെ 72ആം ഓവറിന് പിന്നാലെയാണ് സംഭവം. റോബിൻസൺ പന്ത് നൽകുന്നതിന് മുന്നോടിയായി ജാക്ക് ലീച്ചിന്റെ തലയിലെ വിയർപ്പിൽ ബോൾ ഷൈൻ ചെയ്യുകയായിരുന്നു. ബോൾ ഷൈൻ ഉമിനീർ ഉപയോഗിക്കുന്നത് അടുത്തിടെ ഐസിസി നിരോധിച്ചിരുന്നു.
നേരെത്തെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറാണ് അടിച്ചു കൂട്ടിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് ബാറ്റർമാർ 101 ഓവറിൽ 657 റൺസ് അടിച്ചു കൂട്ടി. ഇംഗ്ലണ്ട് നിരയിൽ 4 പേർ സെഞ്ചുറി നേടിയിട്ടുണ്ട്. സാക്ക് ക്രോളി (122), ഡകറ്റ് (107), ഒല്ലി പോപ്പ് (108), ഹാരി ബ്രൂക്ക് (153) എന്നിവരാണ് സെഞ്ചുറി നേടിയത്. പാകിസ്ഥാൻ വേണ്ടി സാഹിദ് മഹമൂദ് 4 വിക്കറ്റും നസീം ഷാഹ് 3 വിക്കറ്റും നേടി.