ഇംഗ്ലണ്ട് ടീമിന്റെ പാക്ക് പര്യടനത്തിലെ രണ്ടാം ടെസ്റ്റും ഇതാ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. രണ്ട് ദിവസങ്ങൾ ബാക്കിനിൽക്കെ പാക്കിസ്ഥാന് വിജയിക്കാൻ 157 റൺസ് വേണ്ടപ്പോൾ ഇംഗ്ലണ്ടിന് വേണ്ടത് വെറും 6 വിക്കറ്റുകളും!! നേരത്തെ റാവൽപിണ്ടിയിൽ നടന്ന ആദ്യ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിടത്തുനിന്ന് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് അപ്രതീക്ഷിത ഡിക്ലറേഷൻ നടത്തുകയും ഇംഗ്ലണ്ട് ടീം 74 റൺസിന്റെ ആവേശവിജയം നേടുകയും ചെയ്തിരുന്നു. ഈ മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലീഷ് പട ശ്രമിക്കുന്നത്.
മുൾടാണിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീം 7 വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ സ്പിന്നർ അബ്രാർ അഹമ്മദിന്റെ പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ 281 റൺസിൽ ഓൾഔട്ടായി. ചെറിയ സ്കോറിന് ഒതുക്കിയ സന്തോഷത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയ പാക്ക് ടീമിന് ഒന്നാം ഇന്നിംഗ്സിൽ വെറും 202 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലും 4 വിക്കറ്റ് വീഴ്ത്തി ആബ്രാർ അഹമ്മദ് തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് 275 റൺസിൽ എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്ക് സെഞ്ചുറി നേടി. പാക്ക് താരം സാഹിദ് മെഹ്മൂദ് രണ്ട് ഇന്നിങ്സിലും 3 വിക്കറ്റ് വീതം നേടി.
355 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്ക് ടീം മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ്. 54 റൺസ് എടുത്ത സൗദ് ഷക്കീലും 3 റൺസ് എടുത്ത ഫഹീം അഷ്റഫുമാണ് ക്രീസിൽ. മത്സരത്തിൽ പാക്ക് നായകൻ ബാബർ അസം 10 പന്ത് നേരിട്ട് 1 റൺ മാത്രം എടുത്ത് ഒല്ലി റോബിൻസന്റെ പന്തിൽ ക്ലീൻ ബോൾഡ് ആയി പുറത്തായിരുന്നു. ശേഷം ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന നേരത്ത് ഗാലറിയിൽ ഉണ്ടായിരുന്ന പാക്ക് ആരാധകർ ‘സിംബാബർ…സിംബാബർ…’ എന്ന് വിളിച്ച് കളിയാക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിമാറിയിരിക്കുകയാണ്. മറ്റ് പ്രമുഖ ടീമുകളുടെ കൂടെ കളിക്കുമ്പോൾ ഫോം നഷ്ടപ്പെടുന്നതും സിംബാബ്‌വെ പോലെയുള്ള ടീമുകളുടെകൂടെ കളിക്കുമ്പോൾ റൺ വാരിക്കൂട്ടുന്നതും സൂചിപ്പിക്കാനാണ് അങ്ങനെ മറ്റ് ടീമുകളുടെ ഫാൻസ് അദ്ദേഹത്തെ ട്രോളുന്നത്. ഇപ്പോഴിതാ സ്വന്തം നാട്ടുകാർ തന്നെ ആ പേരിട്ട് വിളിക്കുന്നു… എങ്കിലും ഒന്നാം ഇന്നിങ്സിൽ 75 റൺസ് എടുത്ത അസമായിരുന്നു ടോപ് സ്കോറർ.