ഇംഗ്ലണ്ട്-പാകിസ്ഥാൻ തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരവും ആവേശകരമായ അന്ത്യത്തിലേക്ക്.മൂന്നാം ദിനം മത്സരം നിർത്തുമ്പോൾ അവസാന ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന പാകിസ്ഥാൻ 4ന് 198 എന്ന നിലയിലാണ്. 6 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ ഇനി 157 റൺസ് നേടണം. ആദ്യ ഇന്നിംഗ്‌സിൽ 281 പിന്തുടർന്ന പാകിസ്ഥാനെ 202ൽ ഒതുക്കി 79 റൺസ് ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നു.
തുടർന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 275ൽ പുറത്തായി. ഇതോടെ പാകിസ്ഥാന്റെ ലക്ഷ്യം 355ൽ എത്തുകയായിരുന്നു. കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 66 റൺസ് നേടിയിരുന്നു. മുഹമ്മദ് റിസ്‌വാനും ബാബർ അസമും തൊട്ടടുത്തായി പുറത്തായത് പാകിസ്ഥാൻ 2ന് 67 എന്ന നിലയിലാക്കി.
റിസ്വാനെ തകർപ്പൻ ഡെലിവറിയിൽ ബൗൾഡിലൂടെ ആൻഡേഴ്‌സൺ പുറത്താക്കിയപ്പോൾ ക്യാപ്റ്റൻ ബാബർ അസമിനെ റോബിൻസനാണ് കൂടാരം കയറ്റിയത്. ആദ്യ ഇന്നിംഗ്‌സിലും റോബിൻസൺ തന്നെയാണ് ബാബറിനെ പുറത്താക്കിയത്. രണ്ടും സ്റ്റംപ് തെറിപ്പിച്ചായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 1 റൺസ് നേടി നിൽക്കെയാണ് അവിശ്വസനീയ ഡെലിവറിയുമായി റോബിൻസൺ എത്തിയത്. പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച ബാബറിന്റെ ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു.
ആശ്ചര്യ ഭാവത്തോടെയാണ് ബാബർ പ്രതികരിച്ചത്. ഷഫീഖ് (45), ഇമാമുൾ ഹഖ് (60) എന്നിവരുടെ വിക്കറ്റും നഷ്ട്ടമായിട്ടുണ്ട്. ഷഫീഖിന്റെ വിക്കറ്റ് മാർക് വുഡും, ഇമാമുൾ ഹഖിന്റെ വിക്കറ്റ് ജാക്ക് ലീച്ചുമാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സിൽ ഹാരി ബ്രൂക്ക് (108), ഡകറ്റ് (79) എന്നിവരുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ട് മികച്ച സ്‌കോർ നൽകിയത്.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (w), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (c), വിൽ ജാക്സ്, ഒല്ലി റോബിൻസൺ, ജാക്ക് ലീച്ച്, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ
പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം (C), മുഹമ്മദ് റിസ്വാൻ (W), സൽമാൻ, സൗദ് ഷക്കീൽ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സാഹിദ് മഹ്മൂദ്, മുഹമ്മദ് അലി, അബ്രാർ അഹമ്മദ്