ഇന്ത്യയും ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിലെ ആദ്യത്തെ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 278/6 എന്ന ഭേദപ്പെട്ട സ്കോർ നേടി, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, ഓപ്പണർമാരായ ഗില്ലിനെയും (20) രാഹുലിനെയും (22) തുടക്കത്തിൽ തന്നെ ബംഗ്ലാദേശ് ബോളർമാർ വീഴ്ത്തി പിന്നാലെ വിരാട് കോഹ്ലിയും (1) റിഷഭ് പന്തും (46) പുറത്തായതോടെ 112/4 എന്ന നിലയിൽ ഇന്ത്യൻ മുൻനിര തകർന്നു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ചേതേശ്വർ പൂജാരയും ശ്രേയസ്സ് അയ്യറും പതിയെ തകർച്ചയിൽ നിന്ന് ഇന്ത്യയെ കര കയറ്റി, സിംഗിളുകൾ നേടിയും ഇടയ്ക്ക് ഫോറുകൾ പായിച്ചും ഇന്ത്യൻ സ്കോർബോർഡ് ഇരുവരും ചലിപ്പിച്ചു, അഞ്ചാം വിക്കറ്റിൽ ഇരുവരും 149 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിക്കൊണ്ടാണ് തകർച്ചയിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ കരകയറ്റിയത്, മത്സരത്തിലെ 85 ആം ഓവറിൽ തൈജുൾ ഇസ്ലാം സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പൂജാരയെ (90) പുറത്താക്കിയതോടെ ഈ കൂട്ട്കെട്ട് തകർന്നു.
മത്സരത്തിൽ എബദോട്ട് ഹുസൈൻ എറിഞ്ഞ എൺപത്തി നാലാം ഓവറിലെ അഞ്ചാം ബോളിൽ ശ്രേയസ്സ് അയ്യർക്ക് വിക്കറ്റ് നഷ്ടപ്പെട്ടതായിരുന്നു, മികച്ച ഒരു ബോൾ അയ്യറുടെ പ്രതിരോധം തകർത്ത് കൊണ്ട് സ്റ്റമ്പിൽ തട്ടി ബെയിൽ ഇളകി എന്നാൽ ശ്രേയസ്സ് അയ്യറുടെ ഭാഗ്യത്തിന് ബെയിൽ നിലത്ത് വീണില്ല, ഔട്ട് എന്ന് ബോളറും ബംഗ്ലാദേശ് കളിക്കാരും ഉറപ്പിച്ച പന്തിൽ എന്നാൽ ഭാഗ്യം ശ്രേയസ്സ് അയ്യർക്ക് ഒപ്പമായിരുന്നു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ :