ചാത്തോഗ്രാമിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തോൽവി ഒഴിവാക്കാനായി ബംഗ്ലാ ടീം പൊരുതുന്നു. 513 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന അവർക്ക് നാലാം ദിനം ചായക്ക് പിരിയുമ്പോൾ 7 വിക്കറ്റ് ശേഷിക്കെ വിജയിക്കാനായി 337 റൺസ് കൂടി നേടണം. ഇന്നലെ 258/2 എന്ന നിലയിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി വർഷങ്ങൾക്ക് ശേഷം ചേതേശ്വർ പൂജാര സെഞ്ചുറി നേടിയപ്പോൾ യുവതാരം ശുഭ്മാൻ ഗിൽ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും പൂർത്തിയാക്കിയിരുന്നു.
12 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 42 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച അവരുടെ ഓപ്പണർമാർ മികച്ചൊരു ചെറുത്തുനിൽപ്പാണ് കാഴ്ചവച്ചത്. ശാന്റോയും അരങ്ങേറ്റമത്സരം കളിക്കുന്ന സാകിർ ഹസനും ഇന്ത്യൻ ബോളർമാരെ ശ്രദ്ധാപൂർവം നേരിട്ടു. മികച്ച പന്തുകൾ തടുത്തിട്ടും മോശം പന്തുകൾ അതിർത്തി കടത്തിയും സ്കോർ മുന്നോട്ട് നീക്കി. ഇടയ്ക്ക് തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പേസർ സിറാജിന്റെ വാക്കുകൾക്ക് പുഞ്ചിരി മാത്രം മറുപടിയായി നൽകിക്കൊണ്ട് അവർ തുടർന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 119 റൺസ് എന്ന നിലയിലായിരുന്നു അവർ.
ലഞ്ചിന് ശേഷമുള്ള സെഷനിൽ 3 വിക്കറ്റുകൾ വീഴ്ത്തി ടീം ഇന്ത്യ മത്സരത്തിൽ തിരിച്ചുവന്നിരിക്കുകയാണ്. ഈ സെഷനിൽ 29 ഓവറിൽ വെറും 57 റൺസ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യൻ ബോളർമാർ സമ്മർദ്ദം ചെലുത്തി. പേസർ ഉമേഷ് യാദവാണ് കൂട്ടുകെട്ട് തകർത്തത്. 67 റൺസ് എടുത്ത ഷന്റോയെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി. ബാറ്റിൽ തട്ടി എഡ്ജ് ആയ പന്ത് സ്ലിപ്പിൽ കോഹ്‌ലിയുടെ അടുത്തേക്ക് പോയെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും തെറിച്ച പന്ത്, കീപ്പർ പന്ത് ചാടിപ്പിടിക്കുകയായിരുന്നു. പിന്നീട് വന്ന യാസിർ അലിയെ സ്പിന്നർ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കി. ലിട്ടൻ ദാസ് ആകട്ടെ കുൽദീപ് യാദവിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ക്യാച്ച് ഔട്ടായി.
മത്സരത്തിൽ ഇടംകൈയ്യൻ സ്പിന്നർ അക്ഷർ പട്ടേൽ എറിഞ്ഞ അറുപതാം ഓവർ ഒരു മെയ്ഡൻ ആയിരുന്നു. ആ ഓവറിൽ ഒരു അപൂർവനിമിഷവും ഉണ്ടായിരുന്നു. രണ്ടാം പന്തിന് ശേഷം സൂപ്പർ താരം വിരാട് കോഹ്‌ലി ഹെൽമെറ്റ് വാങ്ങി സില്ലീ പോയിന്റിൽ ഫീൽഡ് ചെയ്യാൻ തയ്യാറായി എത്തുകയായിരുന്നു. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ സീനിയർ താരങ്ങൾ സില്ലീ പോയിന്റ്, ഷോർട്ട് ലെഗ് തുടങ്ങിയ പൊസിഷനുകളിൽ ഫീൽഡ് ചെയ്യാറില്ല. മിക്കവാറും ടീമുകളിലെ യുവതാരങ്ങളാണ് അവിടെ നിൽക്കുക. ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ, ഷുഭ്മൻ ഗിൽ എന്നിവരാണ് സാധാരണ നിൽക്കുന്നത്. വളരെ അപകടസാധ്യത നിറഞ്ഞ ഒരു ഫീൽഡിംഗ് ഏരിയയാണത്. എങ്കിലും വിരാട് കോഹ്‌ലി ഒരു മടിയും കൂടാതെ അവിടെ നിൽക്കാൻ തയ്യാറാവുകയായിരുന്നു.
വീഡിയോ :