ഇക്കഴിഞ്ഞ വെള്ളിയാഴ്ച സമാപിച്ച ഈ ആഭ്യന്തര സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ജാർഖണ്ഡിനെ 85 റൺസിന് പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചിരുന്നു. ഇന്ത്യൻ ഇന്റർനാഷണൽ സഞ്ജു വി സാംസൺ നായകനായ കേരള ടീം തങ്ങളുടെ രഞ്ജി ട്രോഫി ചരിത്രത്തിലെ അവിസ്മരണീയ വിജയങ്ങളിൽ ഒന്നാണ് റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ സഞ്ജു ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേരള ടീമിൽ വൈശാഖ് ചന്ദ്രൻ, ഷോൺ റോജർ, എഫ് ഫാനൂസ് എന്നീ താരങ്ങൾക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റമത്സരം ലഭിച്ചു.
150 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ, അർധ സെഞ്ചുറി നേടിയ രോഹൻ പ്രേം, സിജോമോൻ ജോസഫ്, സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ എന്നീ താരങ്ങളുടെ മികവിൽ കേരളം ഒന്നാം ഇന്നിംഗ്‌സിൽ 475 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. കഴിഞ്ഞയാഴ്ച ബംഗ്ലാദേശിനെതിരെ ഏകദിനത്തിലെ വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഇഷൻ കിഷൻ അതേ മികവ് തുടർന്ന് 132 റൺസ് നേടിയെങ്കിലും 97 റൺസ് എടുത്ത സൗരഭ് തിവാരിയൊഴികെ മറ്റാർക്കും കാര്യമായ പിന്തുണ നൽകാൻ സാധിച്ചില്ല. ഇരുവരും പുറത്തായതോടെ 316/4 എന്ന നിലയിൽ ആയിരുന്ന ജാർഖണ്ഡ് ഒന്നാം ഇന്നിംഗ്സിൽ 340 റൺസിന് ഓൾഔട്ടായി. അവസാനദിനമായ വെള്ളിയാഴ്ച മത്സരം സമനിലയിൽ അവസാനിക്കും എന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ച് കേരളം ജയം പിടിച്ചടക്കുകയായിരുന്നു. അതിവേഗം സ്കോറിങ് നടത്തി 187/7 എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലെയർ ചെയ്ത സഞ്ജു അവർക്ക് 67 ഓവറിൽ 322 റൺസ് വിജയലക്ഷ്യം മുന്നോട്ട് വയ്ക്കുകയും അവരെ 237 റൺസിൽ ഓൾഔട്ടാക്കുകയും ചെയ്തു. രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരശേഷം എല്ലാ താരങ്ങളും സ്റ്റേഡിയം വിട്ട് മടങ്ങിയിരുന്നു. അപ്പോഴും ഗ്രൗണ്ടിൽ ഒറ്റക്ക് പരിശീലനം നടത്തുന്ന സഞ്ജു സാംസന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രശസ്ത മാധ്യമപ്രവർത്തകൻ വിമൽ കുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സഞ്ജുവിന്റെ ഈ നിശ്ചയദാർഢ്യവും കഠിനാധ്വാനവും തന്നെ അത്ഭുതപ്പെടുത്തി എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് ഇന്ത്യക്ക് വേണ്ടി ദീർഘകാലം കളിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂവെന്നും അതിനായി മികച്ച പ്രകടനം തുടരേണ്ടതുണ്ടെന്നും ഫിറ്റ്നെസ് നിലനിർത്തേണ്ടതുണ്ടെന്നും സഞ്ജുവിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഒരു ദിവസം മുഴുവൻ പൊരിവെയിലത്ത് നിന്ന് കളിച്ച ശേഷവും ഒട്ടും സമയം കളയാതെ വീണ്ടും പരിശീലനത്തിനായി ഇറങ്ങുന്നതും. ഗ്രൗണ്ടിന് ചുറ്റും നിർത്താതെ ഓടുന്ന സഞ്ജുവിന്റെ ഇന്റർവ്യൂ എടുക്കാനായി അൽപസമയം കൂടെ ഓടിനോക്കിയെങ്കിലും തനിക്ക് ഒപ്പമെത്താൻ സാധിക്കാതെ വന്നതോടെ പിൻമാറുകയായിരുന്നു എന്ന് അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ വ്യക്തമാക്കുന്നു.
ജാർഖണ്ഡ് സ്വദേശിയായ വിമൽ കുമാർ, സഞ്ജുവും ഇഷാൻ കിഷനും തമ്മിലുള്ള പോരാട്ടം കാണാം എന്നുകരുതിയാണ് സ്റ്റേഡിയത്തിൽ എത്തിയത് എന്ന് വ്യക്തമാക്കി. അതിനിടെയാണ് സഞ്ജുവിന്റെ ഈ ദൃശ്യങ്ങളും എടുക്കുന്നത്. കേരള ക്രിക്കറ്റ് ടീം കോച്ച് ടിനു യോഹന്നാനെ കണ്ടുമുട്ടി അദ്ദേഹത്തോട് സഞ്ജുവിനെപറ്റി കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതും വീഡിയോയിൽ ഉണ്ട്. ഇന്ത്യൻ ടീം ഏത് രാജ്യത്ത് പര്യടനം നടത്തിയാലും സഞ്ജുവിന് മറ്റുള്ളവരേക്കാൾ ഒരുപടിമുന്നിൽ ആരാധകപിന്തുണ ലഭിക്കുന്നത് എങ്ങനെയാണ് എന്നതായിരുന്നു അദ്ദേഹം ചോദിച്ചത്. സഞ്ജുവിന്റെ മികച്ച ബാറ്റിംഗ് ശൈലിയും അദ്ദേഹത്തിന്റെ എളിമയുമാണ് കാരണം എന്ന് ടിനു യോഹന്നാൻ മറുപടി നൽകുന്നു.