ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ 12 റൺസിന്റെ ജയവുമായി ഇന്ത്യ. ശുഭ്മാൻ ഗില്ലിന്റെ ഡബിൾ സെഞ്ചുറി കരുത്തിൽ 349 റൺസ് നേടിയ ഇന്ത്യ ന്യുസിലാൻഡിനെ ചെയ്‌സിങ്ങിൽ ഓൾ ഔട്ടാക്കുകയായിരുന്നു. 131ൽ നിൽക്കെ ന്യുസിലാൻഡിന്റെ 6 വിക്കറ്റ് വീണതോടെ ഇന്ത്യ കൂറ്റൻ സ്കോറിന് ജയിക്കുമെന്ന് കരുതിയവരുടെ പ്രതീക്ഷകൾ തച്ചുടച്ചാണ് ഏഴാം വിക്കറ്റിൽ ബ്രൈസ്വെലും സാന്റ്നറും 162 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത്.
ന്യുസിലാൻഡ് സ്‌കോർ 297ൽ എത്തിയപ്പോൾ സാന്റ്നർ പുറത്തായതോടെയാണ് രോഹിതിനും കൂട്ടർക്കും ആശ്വാസമായത്. എന്നാൽ വിട്ടുകൊടുക്കാൻ കൂട്ടാക്കാതെ ബ്രൈസ്വെൽ ഒരുവശത്ത് ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. 4 ഓവറിൽ 56 റൺസ് വേണമെന്ന ഘട്ടത്തിൽ നിന്ന് അവസാന ഓവറിൽ 20 റൺസ് ജയിക്കാൻ എന്നാക്കി.
ഇതിനിടെ ന്യുസിലാൻഡ് വിക്കറ്റ് 9 വീണിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തിൽ ബ്രൈസ്വെൽ എൽബിഡബ്ല്യൂവിലൂടെ പുറത്തായതോടെ 12 റൺസിന് ഇന്ത്യ ജയം നേടി. 46ആം ഓവറിൽ സാന്റ്നറെയും ഷിപ്ലെയെയും പുറത്താക്കി മികച്ച ബൗളിങ് പ്രകടനം നടത്തിയ സിറാജ് ഇന്ത്യൻ ജയത്തിൽ നിർണായകമായി. 10 ഓവറിൽ 46 റൺസ് വഴങ്ങി 4 വിക്കറ്റാണ് വീഴ്ത്തിയത്. താക്കൂറും കുൽദീപ് യാദവും 2 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.
നേരെത്തെ ഗില്ലിന്റെ ഡബിൾ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 349 സ്‌കോർ ചെയതത്. ഗിൽ 149 പന്തിൽ 9 സിക്‌സും 19 ഫോറും ഉൾപ്പെടെ 208 റൺസ് നേടി.
രോഹിത് (34), വിരാട് കോഹ്‌ലി (8), ഇഷാൻ കിഷൻ (5), സൂര്യകുമാർ യാദവ്(31), ഹർദിക് പാണ്ഡ്യ (28), വാഷിങ്ടൺ സുന്ദർ (12), ശർദുൽ താക്കൂർ (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.