Categories
Cricket Latest News

താക്കൂറിൻ്റെ ഈ ത്യാഗം ആരും കാണാതെ പോകരുത് ! ഗില്ല് 200 അടിച്ചത് താക്കൂറിൻ്റെ ത്യാഗം കാരണം ; വീഡിയോ

ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന്റെ ആവേശവിജയം നേടിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇരട്ടസെഞ്ചുറിയുടെ(208) പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് എടുത്തു. 140 റൺസെടുത്ത മിക്കൽ ബ്രൈസ്വെല്ലിന്റെ മികവിൽ അവർ അവസാനം വരെ പൊരുതി നോക്കിയെങ്കിലും നാല് പന്ത് ശേഷിക്കെ 337 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. പേസർ മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യക്കായി ‌നായകൻ രോഹിത് ശർമ 4 ഫോറും 2 സിക്സും അടിച്ച് നന്നായി തുടങ്ങിയെങ്കിലും 34 റൺസിൽ പുറത്താവുകയായിരുന്നു. പിന്നീട് വന്ന വിരാട് കോഹ്‌ലി 8 റൺസും വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ 5 റൺസും എടുത്ത് നിരാശപ്പെടുത്തി. സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ആകട്ടെ യഥാക്രമം 31, 28 റൺസ് എടുത്ത് പുറത്തായി. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും ഗിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളി തുടർന്നുകൊണ്ട് ഇന്ത്യക്ക് മികച്ച ടോട്ടൽ സമ്മാനിച്ചു.

മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിനും ഗില്ലിന്റെ ഇരട്ടസെഞ്ചുറി നേട്ടത്തിനും ഒരു നിർണായക വഴിത്തിരിവായത് ശർദൂൾ താക്കൂറിന്റെ വിലപ്പെട്ട ഒരു ത്യാഗമായിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിന്റെ 47ആം ഓവറിൽ ആയിരുന്നു താക്കൂർ തന്റെ വിക്കറ്റ് സ്വയം സമർപ്പിച്ച് റൺഔട്ടായത്. ലോക്കി ഫെർഗൂസൻ എറിഞ്ഞ ഓവറിന്റെ നാലാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഗിൽ കവറിലേക്ക് കളിച്ച് സിംഗിൾ എടുക്കാനായി ഓടി. താക്കൂർ ആകട്ടെ പന്ത് പോകുന്നത് നോക്കിനിന്നു. മുപ്പതുവാര കടക്കാതെ പന്ത് ഫീൽഡറുടെ കൈകളിൽ എത്തിയപ്പോഴേക്കും ഗിൽ നോൺ സ്ട്രൈക്കർ എൻഡിൽ എത്തിയിരുന്നു. അതോടെ താക്കൂർ മുന്നോട്ട് നടന്ന് സ്ട്രൈക്കർ എൻഡിൽ റൺഔട്ട് ആയി മടങ്ങി.

ഇന്ത്യ 302 റൺസ് എടുത്ത് നിൽക്കുമ്പോഴായിരുന്നു അത്. ഗിൽ ആകട്ടെ 168 റൺസിലും. താക്കൂർ നോൺ സ്ട്രൈക്കർ എൻഡിൽ നിലയുറപ്പിച്ചിരുന്നുവെങ്കിൽ ഗിൽ സ്ട്രൈക്കർ എൻഡിൽ പുറത്താകുമായിരുന്നു. തുടർന്ന് അടിച്ചുതകർത്ത ഗിൽ തന്റെയും ഇന്ത്യയുടെയും സ്കോർ മുന്നോട്ട് നീക്കി. തുടരെ മൂന്ന് സിക്സ് പായിച്ചാണ് അദ്ദേഹം ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടസെഞ്ചുറി നേട്ടത്തിനുള്ള റെക്കോർഡും സ്വന്തം പേരിലാക്കിയ ഗിൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Leave a Reply

Your email address will not be published. Required fields are marked *