പാറ്റ് കമ്മിൻസ്, നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബൗളേറാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ട് ഓസ്ട്രേലിയൻ ക്യാപ്റ്റൻ. എന്നാൽ ഈ മൂന്നു വർഷങ്ങളിൽ ഒരിക്കൽ പോലും ഇന്ത്യയിൽ അദ്ദേഹം കളിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ മികച്ച പ്രകടനത്തിന് വേണ്ടി ഓസ്ട്രേലിയൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 80 ഓവർ വരെ ശരാശരി പ്രകടനം മാത്രമാണ് കമ്മിൻസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
80 ഓവറിന് ശേഷം ഓസ്ട്രേലിയ ന്യൂ ബോൾ ആവശ്യപെടുന്നു. അതിന് ശേഷമുള്ള കമ്മിൻസിന്റെ സ്പെല്ല് അദ്ദേഹം എത്രത്തോളം മികച്ചവനാണ് എന്നുള്ളതിന്റെ തെളിവാണ്.ഈ ഒരു സ്പെല്ലിൽ തന്നെയാണ് സെഞ്ച്വറിയുമായി മുന്നേറികൊണ്ടിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കുറ്റി ഓസ്ട്രേലിയ നായകൻ കൂടിയായ കമ്മിൻസ് തെറിപ്പിച്ചത്.കമ്മിൻസ് രോഹിത്തിനെ പുറത്താക്കിയത് എങ്ങനെയെന്ന് പരിശോധിക്കാം.
ഇന്ത്യൻ ഇന്നിങ്സിന്റെ 81 മത്തെ ഓവർ. ഓസ്ട്രേലിയ ന്യൂ ബോൾ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യ ഓവർ.ആദ്യ ബോൾ നോ ബോൾ. അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോൾ. മൂന്നാമത്തെ പന്ത് എഡ്ജ് എടുത്തു ഫോർ. സ്മിത്ത് കൈപിടിയിൽ ഒതുക്കാതെ ഇരുന്ന ആ എഡ്ജ് ഓസ്ട്രേലിയക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയ നിമിഷത്തിലെ ഓവറിലെ നാലാമത്തെ പന്തുമായി കമ്മിൻസ്.ഫുൾ ലെങ്ത്തിൽ വന്ന ബോൾ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച രോഹിത് കാണുന്നത് തന്റെ സ്റ്റമ്പ് പറക്കുന്നതാണ്.120 റൺസാണ് രോഹിത് സ്വന്തമാക്കിയത്. മത്സരത്തിലെ കമ്മിൻസിന്റെ ആദ്യത്തെ വിക്കറ്റാണ് ഇത്.