ഇന്നത്തെ തലമുറയോട് ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഫീൽഡർ ആരാണ് എന്ന് ചോദിച്ചാൽ ചിലപ്പോൾ സുരേഷ് റെയ്ന എന്നോ രവീന്ദ്രൻ ജഡേജ എന്നോ ആയിരിക്കാം ഉത്തരം. പക്ഷേ പണ്ടുമുതലേ കളി കണ്ടു വന്ന ആളുകൾക്ക് മുഹമ്മദ് കൈഫ് എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാകാൻ ഒരു സാധ്യത വളരെ കുറവാണ്. ഒരു സമയത്ത് ചോരുന്ന കൈകൾ നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരതയാർന്ന, പറന്നു പിടിക്കുന്ന ഫീൽഡർ ആയിരുന്നു മുഹമ്മദ് കൈഫ്.
പലപ്പോഴും കൈഫ് തന്നെ ഫീൽഡിങ്ങ് മികവ് കൊണ്ടുമാത്രം ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു സമയത്ത് കൈഫ് – യുവരാജ് ഫീൽഡിങ് കോംബോ ആയിരുന്നു കരുത്ത്. ഇംഗ്ലണ്ടില്‍ നാറ്റ്വെസ്റ്റ് പരമ്പര ജയിക്കാൻ നിർണായകമായതും കൈഫ് യുവരാജ് കൂട്ടുകെട്ടിന്റെ ഫീൽഡിംഗ് മികവ് തന്നെയായിരുന്നു. ആ സീരീസിൽ കൈഫ് ബാറ്റ് കൊണ്ടും തിളങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നിർണായകമായ ഒരു സീരിയസ് ആയിരുന്നു അത്.
വർഷങ്ങൾക്കിപ്പുറവും തന്റെ ഫീൽഡിങ് മികവിന് യാതൊരു കുറവും വന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് മുഹമ്മദ് കൈഫ്. ഇപ്പോൾ വയസ്സ് 42 ആയി എങ്കിലും ഫീൽഡിങ്ങിൽ അതൊന്നും പ്രകടമല്ല. വേൾഡ് ലെജൻഡ് ലീഗ് വിരമിച്ച പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളെ മുൻനിർത്തി നടന്നുകൊണ്ടിരിക്കുകയാണ്. വേൾഡ് ഗെയ്ന്റ്സിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് തോറ്റു എങ്കിലും കൈഫിന്റെ ക്യാച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.
ഗൗതം ഗംഭീർ ആണ് ഇന്ത്യൻ മഹാരാജാസിനെ നയിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മുൻ അയർലൻഡ് ക്രിക്കറ്റ് താരമായ കെവിൻ ഒബ്രായിനിനെ പുറത്താക്കുവാനായിരുന്നു മുഹമ്മദ് കൈഫിന്റെ മാസ്മരിക ക്യാച്ച്. ഹർഭജന്‍ സിംഗ് എറിഞ്ഞ പന്തിൽ ആയിരുന്നു കൈഫിന്റെ പ്രകടനം. കൈഫിന്റെ ഫീൽഡിങ് മികവിന്റെ വീഡിയോ ദൃശ്യം കാണാം.