അഹമ്മദാബാദ് ടെസ്റ്റിൽ നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ടീം ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്കുള്ള അകലം കുറച്ചു കൊണ്ടിരിക്കുകയാണ്. 131 ഓവറിൽ 362/4 എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. 28 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്നത്തെ ആദ്യ സെഷനിൽ ഇന്ത്യക്ക് നഷ്ടമായത്. 88 റൺസോടെ വിരാട് കോഹ്‌ലിയും 25 റൺസോടെ കെ എസ് ഭരത്തുമാണ് ക്രീസിൽ. പുറംവേദനയെത്തുടർന്ന് സ്കാനിങിനായി പോയതോടെയാണ് ശ്രേയസ് അയ്യർക്ക് മുൻപ് ഭരത് ഇറങ്ങിയത്. ഒന്നാം സെഷനിൽ ഇന്ന് ഇന്ത്യ 73 റൺസാണ് നേടിയത്. ഓസീസിന്റെ 480 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ഇന്ത്യ ഇപ്പോഴും 118 റൺസ് പിന്നിലാണ്.
ഇന്നലെ മത്സരത്തിനിടയിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ വൈറൽ ആയി മാറിയിട്ടുണ്ടായിരുന്നു. ഈ പരമ്പരയിൽ ഉടനീളം ഓസീസ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഒരു പ്രവണതയെ ഇന്നലെ അമ്പയർമാർ ബുദ്ധിപൂർവം നേരിടുന്ന സന്ദർഭം. ബാറ്റിനെ തൊട്ടുതൊട്ടില്ല എന്നമട്ടിൽ പോകുന്ന പന്തുകൾ കീപ്പർ പിടിച്ചടക്കിയ ശേഷം സ്റ്റമ്പ് ചെയ്യുകയും വിക്കറ്റിനായി അപ്പീൽ ചെയ്യുകയും ചെയ്യും. അപ്പോൾ ഫീൽഡ് അമ്പയർ സ്റ്റമ്പിങ് റഫറൽ തേർഡ് അമ്പയർക്ക് വിടും. കൂട്ടത്തിൽ ആദ്യം പന്ത് ബാറ്റിൽ കൊണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക നിയമത്തിൽ ഉള്ളതാണ്. അങ്ങനെ അമ്പയർ നോട്ട്ഔട്ട് വിളിക്കുന്ന കീപ്പർ ക്യാച്ചുകൾ ചുളുവിൽ റിവ്യൂ അവസരം നഷ്ടമാകാതെ പരിശോധിക്കാനുള്ള തന്ത്രമാണ് അവർ ആവിഷ്കരിച്ചിരുന്നത്.
ഐസിസി നിയമത്തിലെ ഈ ചെറുപഴുത് മുതലാക്കി അവർക്ക് നിർണായകഘട്ടങ്ങളിൽ എടുക്കാനുള്ള റിവ്യൂ അവസരങ്ങൾ എപ്പോഴും ബാക്കിവെച്ചു. എന്നാൽ ഇന്നലെ ഇന്ത്യൻ ബാറ്റിങ്ങിന്റെ 64ആം ഓവറിൽ ഇതേപോലെ അവർ ശ്രമിച്ചപ്പോൾ നിരാശയായിരുന്നു ഫലം. ടോഡ് മർഫി എറിഞ്ഞ ഓവറിലെ അവസാന പന്ത് കോഹ്‌ലിയുടെ ബാറ്റിൽ തൊട്ടുതൊട്ടില്ല എന്നമട്ടിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ എത്തിയിരുന്നു. പൊടുന്നനെ അദ്ദേഹം വിക്കറ്റിൽ കൊള്ളിക്കുകയും ചെയ്തു. അവർ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ക്യാച്ച് അല്ല എന്ന് പറയുകയും സ്റ്റമ്പിംഗ് റഫറൽ നൽകാതിരിക്കുകയും ചെയ്തതോടെ നിരാശയിൽ സ്റ്റീവൻ സ്മിത്തും സഹതാരങ്ങളും റിവ്യൂ എടുക്കാതെ മടങ്ങുകയായിരുന്നു.