ഇന്നലെ നടന്ന വനിതാ പ്രീമിയർ ലീഗിലെ പോരാട്ടത്തിൽ യുപി വാരിയേഴ്സ് ടീമിനെ 8 വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഏകപക്ഷീയവിജയം സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളിൽ നാലിലും വിജയിച്ച അവർ 8 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ യുപി വാരിയേഴ്സ് നായിക അലിസ ഹീലിയുടെയും താലിയ മഗ്രാത്തിന്റെയും അർദ്ധസെഞ്ചുറികളുടെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 17.3 ഓവറിൽ ലക്ഷ്യത്തിലെത്തി. ഒന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത ഹെയ്ലി മാത്യൂസ് – യാസ്‌തിക ഭാട്യ ഓപ്പണിംഗ് സഖ്യം അവർക്ക് മികച്ച തുടക്കം നൽകി. എങ്കിലും അതേ സ്കോറിൽ ഇരുവരെയും മടക്കിയ യുപി ടീം, മത്സരത്തിലേക്ക് തിരികെയെത്തി. മാത്യൂസ് 12 റൺസും യാസ്തിക 42 റൺസുമാണ് നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായിക ഹർമൻപ്രീത് കൗർ, ഓൾറൗണ്ടർ നാറ്റ് സിവെർ എന്നിവരുടെ വേർപിരിയാത്ത സെഞ്ചുറി കൂട്ടുകെട്ട് അവരെ വിജയത്തിലേക്ക് നയിച്ചു.
സിവർ 45 റൺസോടെ പുറത്താകാതെ നിന്നപ്പോൾ കൗർ 33 പന്തിൽ നിന്നും 9 ഫോറും ഒരു സിക്‌സുമടക്കം 53 റൺസ് നേടി കളിയിലെ താരമാകുകയും ചെയ്തു. കൗറിന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കുകയുണ്ടായി. അഞ്ജലി സർവനി എറിഞ്ഞ പതിനൊന്നാം ഓവറിന്റെ മൂന്നാം പന്തിൽ വിക്കറ്റിൽ കൊണ്ടിട്ടും ബൈൽസ് വീണില്ല. ലെഗ് സൈഡിലൂടെ വന്ന പന്ത് ഫ്ളിക് ഷോട്ട് കളിക്കാൻ ശ്രമിച്ച കൗറിനു പിഴച്ചു. പന്ത് പിന്നിലൂടെ പോയി ലെഗ് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു.
എൽഇഡി ലൈറ്റ് മിന്നിയതോടെ ബോളറും കീപ്പർ ഹീലിയും വിക്കറ്റ് നേട്ടം ആഘോഷിക്കാൻ തുടങ്ങി. പക്ഷേ അപ്പോഴാണ് ബൈൽസ് വീണിട്ടില്ല എന്ന് മനസ്സിലാക്കിയത്. യുപി വാരിയേഴ്സ് താരങ്ങൾ മൂക്കത്ത് വിരൽ വച്ചുപോയി. പന്ത് വിക്കറ്റിൽ കൊണ്ടപ്പോൾ ഒന്നിളകിയ ബൈൽസ് വീണ്ടും അതേ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. കൗർ 11 പന്തിൽ 7 റൺസ് എടുത്തുനിൽക്കുമ്പോഴാണ് ഇതുണ്ടായത്. അന്നേരം ആ വിക്കറ്റ് വീണിരുന്നുവെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിമറിയുമായിരുന്നു. അതുവരെ മുട്ടിക്കളിച്ച ഹർമൻ, ജീവൻ ലഭിച്ചതോടെ ഗിയർ മാറ്റുകയും തുടർച്ചയായ ബൗണ്ടറികൾ നേടി മുംബൈയെ വിജയത്തിലെത്തിക്കുകയും ചെയ്തു.