വനിതാ പ്രീമിയർ ലീഗിലെ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ടീമിനെതിരെ യുപി വാരിയേഴ്സ് ടീമിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അവർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടിയ നായിക അലിസാ ഹീലിയുടെയും തലിയ മഗ്രാത്തിന്റെയും ഇന്നിങ്സുകളാണ് അവർക്ക് കരുത്തായത്. മുംബൈയ്ക്ക് വേണ്ടി ഇടംകൈ സ്പിന്നർ സൈക ഇഷക് 3 വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ യുപി വാരിയേഴ്‌സ് താരം കിരൺ പ്രഭു നവ്ഗിരെ നേടിയ ഒരു ബൗണ്ടറി വളരെ വിചിത്രമായ ഒന്നായിരുന്നു. അമേലിയ കെർ എറിഞ്ഞ ഏഴാം ഓവറിൽ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ച ആ ഷോട്ട് പിറന്നത്. ഓവറിലെ മൂന്നാം പന്തിൽ റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിച്ച നവ്ഗിരെയുടെ ബാറ്റിന്റെ പിൻഭാഗത്ത് അവസാന നിമിഷം കൊണ്ട പന്ത് വിക്കറ്റ് കീപ്പർ യാസ്ഥിക ഭട്യയുടെ ഇടതുവശത്തുകൂടി പറന്ന് ഷോർട്ട് ഫൈൻ ലെഗ് ഫീൽഡർക്ക് സമീപത്തുകൂടി ബൗണ്ടറിയിലേക്ക് നീങ്ങുകയാണ് ഉണ്ടായത്.
ഇത്തരമൊരു ഷോട്ട് മുമ്പോന്നും കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ളതായിരുന്നു. ഇതു കണ്ട നവ്ഗിരേക്ക് പോലും സ്വയം ചിരിയടക്കാൻ കഴിഞ്ഞില്ല. യുപി വാരിയേഴ്സ് ഡഗ് ഔട്ടിൽ ഉള്ളവരും ചിരിയടക്കാൻ പാടുപെടുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. മുംബൈ ഇന്ത്യൻസ് താരങ്ങളും ഈ വിചിത്ര ഷോട്ട് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. എങ്കിലും നവ്ഗിരെയുടെ സന്തോഷം അധികം നീണ്ടില്ല. തൊട്ടടുത്ത പന്തിൽ തന്നെ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ച അവർ, 14 പന്തിൽ 17 റൺസോടെ മടങ്ങി.