Categories
Cricket Latest News

കോഹ്ലിയെ കുടുക്കിയത് സ്മിത്തിൻ്റെ കെണി !കോഹ്‌ലിക്ക് വേണ്ടി വല വിരിച്ചത് കണ്ടോ ? വീഡിയോ കാണാം

അഹമ്മദാബാദ് ടെസ്റ്റിൽ നാലാം ദിനം പൂർത്തിയാകുമ്പോൾ മത്സരം ഒന്നുകൂടി മുറുകുകയാണ്‌. ഇന്ന് അതിമനോഹരമായ ഇന്നിങ്സ് കാഴ്ച്ചവെച്ച് 186 റൺസ് എടുത്ത വിരാട് കോഹ്‌ലിയുടെയും മികച്ച പിന്തുണ നൽകി കളിച്ച അക്ഷർ പട്ടേൽ (79), കീപ്പർ ഭരത് (44) എന്നിവരുടെയും മികവിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 571 റൺസ് നേടി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസീസിനേ 480 റൺസിൽ ഒതുക്കിയ ഇന്ത്യക്ക് ഇതോടെ മത്സരത്തിൽ 91 റൺസിന്റെ നിർണായക ലീഡ് സ്വന്തമായി. അവസാന നിമിഷങ്ങളിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 6 ഓവറിൽ 3 റൺസ് എടുത്തിട്ടുണ്ട്.

മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടാനായി ഓസീസ് താരങ്ങൾ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി. മറുവശത്ത് ഓരോ വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും വമ്പനടികളിലൂടെ തന്റെ ഇരട്ടസെഞ്ചുറി നേട്ടത്തിലേക്ക് അദ്ദേഹം അടുത്തുകൊണ്ടിരുന്നു. മാത്രമല്ല, ഇന്ന് വേഗത്തിൽ സ്കോർ ചെയ്ത് അവസാന മണിക്കൂറിൽ ഏതാനും ഓവറുകൾ ഓസീസ് ബാറ്റിങ്ങിന് നൽകണം എന്നുള്ള ലക്ഷ്യവും ഉണ്ടായിരുന്നു. മിക്ക ഫീൽഡർമാരും മുപ്പതുവാര വൃത്തത്തിന്റെ അകത്ത് നിന്നതുകൊണ്ട് കോഹ്‌ലി അനായാസം ഉയർത്തിയടിച്ച് റൺസ് കണ്ടെത്തിക്കൊണ്ടിരുന്നു.

ഒടുവിൽ സഹികെട്ട് നായകൻ സ്റ്റീവൻ സ്മിത്ത് എല്ലാ ഫീൽഡർമാരെയും ബൗണ്ടറിയിലേക്ക് നീക്കി വിന്യസിക്കേണ്ടിവന്നു. ഓഫ് സ്പിന്നർ ലയൺ 178ആം ഓവർ എറിയാൻ എത്തിയപ്പോൾ ആയിരുന്നു അത്. അതിന് ഫലം കാണുകയും ചെയ്തു എന്ന് പറയേണ്ടി വരും. ഓവറിലെ മൂന്നാം പന്തിൽ കോഹ്‌ലി ഉയർത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റിൽ പീറ്റർ ഹാൻഡ്സ്കോമ്പിൻെറ കൈകളിൽ വന്നെങ്കിലും ക്യാച്ച് പൂർത്തിയാക്കാൻ സാധിച്ചില്ല.

ജീവൻ കിട്ടിയെങ്കിലും കോഹ്‌ലി തട്ടിമുട്ടി 200 കടത്താൻ ശ്രമം നടത്തിയില്ല. ടോഡ്‌ മർഫി എറിഞ്ഞ അടുത്ത ഓവറിലും കോഹ്‌ലി വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ഇത്തവണ ഡീപ് മിഡ് വിക്കറ്റിൽ മാർണസ് ലഭുഷേയ്ൻ കൈപ്പിടിയിൽ ഒതുക്കി. അതോടെ 186 റൺസിൽ കോഹ്‌ലി പുറത്താകുകയും ഇന്ത്യൻ ഇന്നിങ്സിന് അന്ത്യം കുറിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *