അഹമ്മദാബാദിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനമായ ഇന്ന് കളി നിർത്തുമ്പോൾ ഓസ്ട്രേലിയൻ ടീം രണ്ടാം ഇന്നിംഗ്സിൽ 6 ഓവറിൽ 3 റൺസ് എടുത്തുനിൽക്കുകയാണ്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 571 റൺസ് നേടി 91 റൺസിന്റെ ലീഡ് നേടിയിരുന്നു. 186 റൺസെടുത്ത വിരാട് കോഹ്‌ലിയുടെയും 79 റൺസ് എടുത്ത അക്ഷർ പട്ടേലിന്റെയും 44 റൺസ് നേടിയ ഭരത്തിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. ഇന്നലെ ഓപ്പണർ ഗില്ലും സെഞ്ചുറി നേടിയിരുന്നു.
289/3 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ മണിക്കൂറിൽതന്നെ 28 റൺസ് എടുത്ത ജഡേജയുടെ വിക്കറ്റ് നഷ്ടമായി. എങ്കിലും വിക്കറ്റ് കീപ്പർ ഭരത്തിനെ കൂട്ടുപിടിച്ച് കോഹ്‌ലി തന്റെ സെഞ്ചുറി നേട്ടം പൂർത്തിയാക്കി. 2019 നവംബറിൽ ഇഡൻ ഗർഡൻസിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ ശേഷമുള്ള അടുത്ത ടെസ്റ്റ് സെഞ്ചുറിയാണിത്. രണ്ടാം സെഷനിൽ 44 റൺസെടുത്ത ഭരത് മടങ്ങിയ ശേഷം എത്തിയ അക്ഷർ പട്ടേൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.
ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 162 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 79 റൺസ് എടുത്ത പട്ടേൽ ചായയ്ക്ക് ശേഷമുള്ള സെഷനിൽ മടങ്ങി. വിരാട് കോഹ്‌ലി ഇരട്ടസെഞ്ചുറി നേട്ടത്തിനായി കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും 186 റൺസിൽ ടോഡ് മർഫിയുടെ പന്തിൽ വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ക്യാച്ച് ഔട്ട് ആകുകയായിരുന്നു. ഇന്ത്യയുടെ അവസാന 4 വിക്കറ്റുകൾ 16 റൺസിനിടെ വീണിരുന്നു. പുറംവേദനയെ തുടർന്ന് ശ്രേയസ് അയ്യർ ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല. എങ്കിലും 91 റൺസ് ലീഡ് നേടാനായതിൽ ഇന്ത്യക്ക് സമാധാനിക്കാം.
ഇന്ന് രാവിലെ ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ വിരാട് കോഹ്‌ലി സഹതാരം ഭരത്തിനോട് വളരെ പരുഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഇന്ത്യ 310/4 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു അത്. ടോഡ് മർഫി എറിഞ്ഞ ഓവറിനിടെ ലെഗ് സൈഡിലേക്ക് തട്ടിയിട്ട കോഹ്‌ലി സിംഗിൾ എടുക്കാനായി ഓടി. പിച്ചിന്റെ പകുതിയോളം ദൂരം പിന്നിട്ടപ്പോൾ ഭരത് ഓട്ടം നിർത്തിയത് കണ്ട് കോഹ്‌ലിക്ക് തിരികെ ബാറ്റിംഗ് എൻഡിലേക്ക് ഓടേണ്ടതായി വന്നു. ഭാഗ്യത്തിന് വിക്കറ്റ് കീപ്പർ പന്ത് കൈപ്പിടിയിൽ ഒതുക്കുന്നതിന് മുൻപേ ക്രീസിൽ എത്താൻ സാധിച്ചു. തുടർന്ന് പിന്തിരിഞ്ഞ് രൂക്ഷഭാവത്തിൽ ഒരു നോട്ടം വച്ചുകൊടുത്തപ്പോൾ ഭയന്നുപോയ ഭരത് കണ്ണുകൾ താഴേക്ക് നോക്കിക്കൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.