ഇന്നലെ രാത്രി നടന്ന ഈ വർഷത്തെ ഐപിഎൽ സീസൺ ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഓപ്പണർ ഗയക്വാദിന്റെ 92 റൺസ് മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയപ്പോൾ, ഗുജറാത്ത് 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അവർക്കായി ഓപ്പണർ ഗിൽ 63 റൺസ് നേടി. ബോളിങ്ങിൽ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിൽ നിർണായക ബൗണ്ടറികൾ നേടി മത്സരം വിജയിപ്പിക്കുകയും ചെയ്ത റാഷിദ് ഖാനാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിന് മുൻപ് പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങുകൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറിയിരുന്നു. പ്രശസ്ത ഗായകൻ ആരിജിത്ത് സിംഗ് നയിച്ച ഗാനമേളയായിരുന്നു അതിലൊരു പ്രധാന പരിപാടി. തെന്നിന്ത്യൻ താരസുന്ദരിമാരായ തമന്ന ഭാട്ടിയയും റാശ്മിക മന്ഥനയും തങ്ങളുടെ നൃത്തച്ചുവടുകൾകൊണ്ടും അരങ്ങുകൊഴുപ്പിച്ചു. സംഗീത-നൃത്ത പരിപാടികൾക്ക് ശേഷം ഇരു ടീമുകളുടെയും നായകന്മാരായ ധോണിയും ഹാർദിക് പാണ്ഡ്യയും വേദിയിലെത്തി താരങ്ങൾക്കൊപ്പം ഐപിഎൽ ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് മത്സരം ആരംഭിച്ചത്.
അതിനിടയിൽവെച്ച് നടന്ന ഒരു നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ സ്വന്തം തലയുമായ എം എസ് ധോണി വേദിയിലേക്ക് എത്തിയപ്പോൾ ഗാലറി ആർത്തിരമ്പിയിരുന്നു. അപ്പോഴാണ് വേദിയിൽ നിൽക്കുകയായിരുന്ന ഗായകൻ ആരിജിത്ത് സിംഗ് ധോണിയുടെ കാൽതൊട്ടു വന്ദിച്ചു തന്റെ പ്രിയപ്പെട്ട താരത്തിന്റെ അനുഗ്രഹം തേടിയത്. സംഗീതലോകത്തെ ഇത്രയും തിരക്കുപിടിച്ച താരമായിട്ടുപോലും ഇന്ത്യൻ ഇതിഹാസമായ ധോണിക്ക് മുന്നിൽ തന്റെ എളിമയും ലാളിത്യവും പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ പ്രശംസകൾകൊണ്ട് മൂടുകയാണ് എല്ലാവരും.