പതിനാറാം ഐപിഎൽ സീസൺ മൂന്നാം ദിനത്തിലേക്കു കടന്നിരിക്കുകയാണ്. ഇന്നത്തെ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് ടോപ് ഓർഡർ താരങ്ങളുടെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിരിക്കുകയാണ്.
യുവതാരം യശസ്വി ജൈസ്വാളും ജോസ് ബട്ട്‌ലറും ചേർന്ന കൂട്ടുകെട്ട് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 3.4 ഓവറിൽ സ്കോർ 50 കടന്നു. 22 പന്തിൽ 54 റൺസ് എടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ മലയാളി താരവും രാജസ്ഥാൻ നായകനുമായ സഞ്ജു സാംസൺ അതേ ശൈലിയിൽ തന്നെ തകർത്തടിച്ചതോടെ സ്കോർ ഉയർന്നു. ജൈസ്വാളും 54 റൺസ് എടുത്ത് മടങ്ങിയശേഷം സ്കോറിങ് മന്ദഗതിയിലായി. ദേവ്ദത്ത് പഠിക്കലും റിയൻ പരാഗും നിരാശപ്പെടുത്തി. എങ്കിലും അവസാന ഓവറുകളിൽ ഇറങ്ങി 16 പന്തിൽ 22 റൺസ് എടുത്ത ഹെട്ട്‌മയറുടെ മികവിൽ അവർ 200 റൺസ് പിന്നിട്ടു.
മത്സരത്തിൽ രാജസ്ഥാൻ ടീമിന്റെ ടോപ് സ്കോറർ ആയത് മലയാളി താരവും രാജസ്ഥാൻ നായകനുമായ സഞ്ജു സാംസനാണ്. 32 പന്ത് നേരിട്ട സഞ്ജു 3 കിടിലൻ ഫോറും 4 കൂറ്റൻ സിക്സും അടക്കമാണ് 55 റൺസ് എടുത്തത്. പത്തൊമ്പതാം ഓവറിന്റെ മൂന്നാം പന്തിൽ നടരാജനെ സിക്സ് പറത്താൻ ശ്രമിച്ചപ്പോൾ ബൗണ്ടറിലൈനിൽ അഭിഷേക് ശർമയുടെ ഉജ്ജ്വല ക്യാച്ച് വഴിയാണ് സഞ്ജു പുറത്തായത്. നേരത്തെ ജോസ് ബട്ട്‌ലറും ജൈസ്വാളും ചേർന്ന് നൽകിയ മികച്ച തുടക്കം നിലനിർത്താൻ സഞ്ജുവിന്റെ ഇന്നിങ്സ് സഹായകമായി. കഴിഞ്ഞ സീസണിലെ ആദ്യ മൽസരത്തിൽ ഹൈദരാബാദിനെ നേരിട്ടപ്പൊഴും 55 റൺസ് എടുത്ത സഞ്ജുവാണ് ടോപ് സ്കോറർ ആയതും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
സഞ്ജുവിൻ്റെ വെടിക്കെട്ട് വീഡിയോ :