തിങ്കളാഴ്ച രാത്രി നടന്ന ബംഗളൂരു-ലഖ്നൗ ഐപിഎൽ മത്സരത്തിനിടെ ഇരുടീമുകളിലെയും താരങ്ങൾ തമ്മിലുണ്ടായ കശപിശയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. വേഗം കുറഞ്ഞ പിച്ചിൽ നടന്ന ലോസ്കോറിംഗ് പോരാട്ടത്തിൽ 18 റൺസിനാണ് ബംഗളൂരു, ലഖ്നൗവിനെ കീഴടക്കിയത്. ഗ്രൗണ്ടിലെ അതിരുവിട്ട പെരുമാറ്റദൂഷ്യത്തിന് ബംഗളൂരു താരം വിരാട് കോഹ്‌ലിയ്ക്കും ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീനും 100% മാച്ച് ഫീയും ലഖ്നൗവിന്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖിന് 50% മാച്ച് ഫീയും പിഴയായി ഒടുക്കേണ്ടിവന്നിരുന്നു.
ലഖ്നൗ ബാറ്റിംഗ് സമയത്തായിരുന്നു സംഭവങ്ങളുടെ തുടക്കം കുറിച്ചത്. നവീൻ ഉൾ ഹഖിന്റെ ബാറ്റിങ്ങിനിടയിൽ, കോഹ്‌ലി മുന്നോട്ട് കയറിവരികയും ഇരുവരും പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. ലഖ്നൗ ഇന്നിങ്സിലെ പതിനേഴാം ഓവറിൽ ആയിരുന്നു അത്. തുടർന്ന് ഇരുവരെയും പിന്തിരിപ്പിക്കാനെത്തിയ നോൺസ്ട്രൈക്കർ അമിത് മിശ്രയുടെ നേർക്കും കോഹ്‌ലി അസഭ്യവാക്കുകൾ ഉപയോഗിച്ചിരുന്നു. മത്സരം കഴിഞ്ഞ് ടീമംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് വീണ്ടുമൊരിക്കൽകൂടി കോഹ്‌ലി – നവീൻ വാക്പോരുണ്ടായി. അതിനുശേഷം കോഹ്‌ലിയോട് സംസാരിക്കാനെത്തിയ കൈൽ മെയേഴ്സിനെ പിന്തിരിപ്പിച്ചു കൊണ്ടുപോകുകയായിരുന്ന ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും കോഹ്‌ലിയും തമ്മിലായി സംഘർഷം. ഒടുവിൽ ഏറെ പണിപ്പെട്ടാണ് സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.
കോഹ്‌ലിയും ഗംഭീറും രൂക്ഷമായ വാക്പോര് നടത്തിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത നൽകിക്കൊണ്ട്, ടീം ഡഗ്ഔട്ടിൽ ഉണ്ടായിരുന്ന ഒരു വ്യക്തി ഇരുവരും സംസാരിച്ച കാര്യങ്ങളെകുറിച്ച് വെളിപ്പെടുത്തിയിരുന്നു. മത്സരശേഷം കൈൽ മെയെഴ്സ് കോഹ്‌ലിയോട് താങ്കൾ എന്തിനാണ് ലഖ്നൗ താരങ്ങളെ ഇത്രകണ്ട് അധിക്ഷേപിക്കുന്നത് എന്ന് ചോദിച്ചു. മയെഴ്‌സിനെ പിന്തിരിപ്പിക്കാനെത്തിയ ഗംഭീർ കോഹ്‌ലിയോട് എന്താണ് താങ്കൾ പറയുന്നത് എന്ന് ചോദിച്ചപ്പോൾ, താൻ മയേഴ്‌സിനോട് സംസാരിക്കുമ്പോൾ എന്തിനാണ് ഇടയിൽ കയറിവന്ന് സംസാരിക്കുന്നത് എന്നാണ് കോഹ്‌ലി മറുപടിനൽകിയത്. ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ എന്നും.
അതിനുള്ള മറുപടിയായി ഗംഭീർ പറഞ്ഞത്, താങ്കൾ ഞങ്ങളുടെ ടീമിലെ ഒരംഗത്തെയാണ് അധിക്ഷേപിച്ചത്, അത് ഞങ്ങളുടെ കുടുംബത്തെ അധിക്ഷേപിക്കുന്നത് പോലെയാണ്… എന്നാണ്. അപ്പോൾ കോഹ്‌ലി പറഞ്ഞത്, എന്നാൽ താങ്കൾ താങ്കളുടെ കുടുംബത്തെ സംരക്ഷിക്കൂ… എന്നായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റുന്ന സമയത്ത് ഗംഭീർ അവസാനമായി പറഞ്ഞത്, എന്നാൽ താങ്കൾതന്നെ അത് ഞങ്ങൾക്ക് പഠിപ്പിച്ചുതരികയെന്നാണ്. സംഭവം നേരിട്ടുകണ്ട ഈ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തലും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.