ഐപിഎല്ലിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുകയാണ്. രാജസ്ഥാന്റെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടിയ റോയൽസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും സ്ലോ പിച്ചിൽ ഗുജറാത്ത് ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്ന രാജസ്ഥാനെയാണ് കാണാൻ കഴിഞ്ഞത്. 17.5 ഓവറിൽ വെറും 118 റൺസിൽ അവർ ഓൾഔട്ടായിരിക്കുകയാണ്.
നായകൻ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ഓപ്പണർ ബട്ട്‌ലറാണ് ആദ്യം പുറത്തായത്. മൂന്നാമനായി ഇറങ്ങിയ നായകൻ സഞ്ജുവും ജയ്സ്വാളും ചേർന്ന് അവരെ കരകയറ്റുന്നതിനിടെ, ഇരുവരും തമ്മിലുള്ള തെറ്റായ ആശയവിനിമയം മൂലം ജയ്സ്വാൾ റൺഔട്ടായി. എങ്കിലും അനായാസം ബൗണ്ടറികൾ നേടിക്കൊണ്ട് ബാറ്റിംഗ് തുടർന്നിരുന്ന സഞ്ജു, ഒടുവിൽ 20 പന്തിൽ 30 റൺസുമായി മോശം ഷോട്ടിന് ശ്രമിച്ച് ക്യാച്ച് ഔട്ടായി മടങ്ങി. പിന്നീട് വന്നവർക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
11 പന്തിൽ 15 റൺസെടുത്ത ട്രെന്റ് ബോൾട്ട് നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ 100 കടത്തിയത്. മത്സരത്തിൽ അദ്ദേഹം ഒരു പടുകൂറ്റൻ സിക്സർ അടിച്ചിരുന്നു. നൂർ അഹമ്മദ് എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ച ഷോട്ട് പക്ഷേ, അവിടെ ദൃശ്യങ്ങൾ പകർത്തിയിരുന്ന ഒരു ക്യാമറമാന്റെ ദേഹത്താണ് പതിച്ചത്. വേദനകൊണ്ട് പുളഞ്ഞ അദ്ദേഹം നിലത്തിരുന്നുപോയി. അവിടെ സമീപം ബൗണ്ടറിലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന റാഷിദ് ഖാൻ എൽഇഡി ഹോർഡിങ് ചാടിക്കടന്ന് പോയി അദ്ദേഹത്തെ പരിശോധിക്കുന്നതും കാണാമായിരുന്നു. തുടർന്ന് ഗുരുതരപ്രശ്നങ്ങൾ ഇല്ലായെന്ന് മനസ്സിലായതോടെ റാഷിദ് തിരികെ ഗ്രൗണ്ടിലിറങ്ങി.