അഹമ്മദാബാദിലെ തോൽവിയ്ക്ക് ജയ്പൂരിലെ തകർപ്പൻ വിജയത്തോടെ പകരംവീട്ടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസിനെ 17.5 ഓവറിൽ 118 റൺസിൽ ഓൾഔട്ടാക്കിയ അവർ, വെറും 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണർ സാഹ 34 പന്തിൽ 41 റൺസോടെയും നായകൻ പാണ്ഡ്യ 15 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഗിൽ 36 റൺസ് എടുത്ത് പുറത്തായി. 20 പന്തിൽ 30 റൺസ് എടുത്ത നായകൻ സഞ്ജു സാംസനൊഴികെ മറ്റാർക്കും രാജസ്ഥാൻ നിരയിൽ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.
മത്സരത്തിൽ രാജസ്ഥാൻ ബാറ്റിങ്ങിന് ഇടയിൽവെച്ചുണ്ടായ തെറ്റായ ആശയവിനിമയം മൂലം ഓപ്പണർ ജയ്സ്വാൾ റൺഔട്ടായിരുന്നു. ടീം സ്കോർ 1.4 ഓവറിൽ 11 റൺസിൽ നിൽക്കെ, ഓപ്പണർ ജോസ് ബട്ട്‌ലർ പുറത്തായതോടെ പ്രതിസന്ധിയിലായ അവർക്കായി സഞ്ജുവും ജയ്സ്വാളും ചേർന്ന് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച്ചവെച്ച് വരുന്നതിനിടെയാണ് സംഭവം. റാഷിദ് ഖാൻ എറിഞ്ഞ ആറാം ഓവറിന്റെ ആദ്യ പന്തിൽ ഓഫ് സ്റ്റമ്പിനു വെളിയിൽ കട്ട് ഷോട്ട് കളിച്ച് സിംഗിൾ നേടാൻ ശ്രമിക്കുന്ന സഞ്ജു, പന്ത് ഫീൽഡർ എടുത്തെന്നു മനസ്സിലാക്കിയതോടെ തിരികെ ക്രീസിലേക്ക് നടക്കുകയായിരുന്നു.
പക്ഷേ അപ്പോഴേക്കും നോൺ സ്ട്രൈക്കർ എൻഡിൽനിന്നും ജയ്സ്വാൾ അവിടേക്ക് എത്തിയിരുന്നു. അതോടെ മറ്റ് വഴിയില്ലാതെ തിരികെ ബോളിങ് എൻഡിലേക്ക് ഓടിയ അദ്ദേഹം ക്രീസിൽ എത്തുന്നതിന് മുൻപേ, ഫീൽഡർ എറിഞ്ഞുകൊടുത്ത പന്ത് കൈക്കലാക്കിയ റാഷിദ് ഖാൻ വിക്കറ്റിൽ കൊള്ളിക്കുകയായിരുന്നു. നിരാശയോടെ സഞ്ജുവിനെ ഒന്നുനോക്കിയ ശേഷം അദ്ദേഹം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി ഉൾപ്പെടെ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന അദ്ദേഹത്തെ സഞ്ജു പുറത്താക്കി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരുപാട് പേർ വിമർശനവുമായി എത്തിയിട്ടുണ്ട്.