ഇന്നലെ തങ്ങളുടെ ഹോംഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെ 7 വിക്കറ്റിന് തകർത്ത ഡൽഹി ക്യാപിറ്റൽസ് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട അവർ, അടുത്ത അഞ്ച് മത്സരങ്ങളിൽ നിന്നും നാല് ജയം നേടിയിരിക്കുകയാണ്. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തപ്പോൾ, ഡൽഹി വെറും 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നിരുന്നു.
ആദ്യ ബാറ്റിങ്ങിൽ ബംഗളൂരുവിനായി നായകൻ ഡു പ്ലെസ്സിയും കോഹ്‌ലിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 45 റൺസെടുത്ത ഡു പ്ലെസ്സിയെയും തൊട്ടടുത്ത പന്തിൽ മാക്സ്വെല്ലിനെയും പുറത്താക്കിയ മിച്ചൽ മാർഷ് ഡൽഹിയ്ക്ക് ബ്രേക്ക്ത്രൂ നൽകി. അധികം വൈകാതെ 55 റൺസെടുത്ത കോഹ്‌ലിയും മടങ്ങി. എങ്കിലും 29 പന്തിൽ 54 റൺസ് നേടി തന്റെ കന്നി ഐപിഎൽ അർദ്ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന മഹിപാൽ ലോമ്രോർ ബംഗളൂരുവിന് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചു.
മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി നായകൻ വാർണറും ഫിൽ സൾട്ടും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 14 പന്തിൽ 22 റൺസെടുത്ത വാർണർ, ആറാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായെങ്കിലും സീസണിലെ തങ്ങളുടെ ഏറ്റവും ഉയർന്ന പവർപ്ലെ സ്കോർ ഡൽഹി നേടിയിരുന്നു(6 ഓവറിൽ 70/1). പിന്നീടെത്തിയ മാർഷും വമ്പനടികളോടെ 17 പന്തിൽ 26 റൺസ് നേടി റൺറേറ്റ് കുറയാതെ കാത്തു. ബംഗളൂരു ബോളർമാരെ കടന്നാക്രമിച്ച സാൾട്ട്, 45 പന്തിൽ 87 റൺസോടെ ടോപ് സ്കോററായി. 22 പന്തിൽ 35 റൺസോടെ റൂസ്സോയും 3 പന്തിൽ 8 റൺസോടെ അക്ഷർ പട്ടേലും പുറത്താകാതെ നിന്നു.
അതിനിടെ മത്സരശേഷം ബംഗളൂരു താരം വിരാട് കോഹ്‌ലിയും ഡൽഹി ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സൗരവ് ഗാംഗുലിയും പരസ്പരം ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കാരണം, ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽവെച്ച് ഇതിനുമുൻപ് ഈ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരശേഷം കോഹ്‌ലിയ്‌ക്ക് കൈകൊടുക്കാതെ മുന്നോട്ടു കയറിപ്പോകുന്ന ഗാംഗുലിയുടെ പ്രവർത്തി ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തുനിന്നും കോഹ്‌ലിയെ മാറ്റിയത് ഗാംഗുലിയുടെ നിർദേശപ്രകാരമായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നശേഷം ഇരുവരും അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. എങ്കിലും ഇന്നലെ മത്സരശേഷം ഗാംഗുലി കോഹ്‌ലിക്ക് കൈകൊടുക്കുകയും പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു.