Categories
Uncategorized

4,6,4 ഇത് ഫിനിഷർ സഞ്ജു , ധോണി സ്റ്റൈലിൽ സഞ്ജുവിന്റെ ഫിനിഷ്; ഹൈലൈറ്റ്സ് വീഡിയോ കാണാം

ജയ്പൂരിലെ സവായ്‌ മാൻ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ, നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. ഇത് ജയ്പൂർ സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കൂടിയാണ്. റോയൽസിനായി ഓപ്പണർ ജോസ് ബട്ട്‌ലറും(95) നായകൻ സഞ്ജു സാംസനും(66*) അർദ്ധസെഞ്ചുറി നേടി.

ആദ്യം ബാറ്റിംഗ് ആരംഭിച്ചപ്പോൾ ബട്ട്‌ലർ ടൈമിംഗ് കണ്ടെത്താൻ വിഷമിച്ചെങ്കിലും, ഒരറ്റത്ത് യുവതാരം ജയ്‌സ്വാൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു. 18 പന്തിൽ 35 റൺസെടുത്ത അദ്ദേഹം മടങ്ങിയശേഷം എത്തിയ സഞ്ജുവും ജോസും ചേർന്ന്, രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. അർഹിച്ച സെഞ്ചുറിയ്‌ക്ക് അഞ്ച് റൺസ് അകലെ, 59 പന്തിൽ 95 റൺസുമായി ബട്ട്‌ലർ മടങ്ങുമ്പോൾ സ്കോർ 18.3 ഓവറിൽ 192/2. പിന്നീട് അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തോടെ സഞ്ജു രാജസ്ഥാന് മികച്ച ഫിനിഷ് നൽകുകയായിരുന്നു.

നടരാജൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഹേറ്റ്മയർ സിംഗിൾ നേടി. രണ്ടാം പന്തിൽ ലോ ഫുൾടോസ് ബോൾ, അനായാസം സ്കൂപ്പ് ഷോട്ട് കളിച്ച് സഞ്ജു ഫൈൻലെഗിലേക്ക് ബൗണ്ടറി കടത്തി. മൂന്നാം പന്തിലും നാലാം പന്തിലും സിംഗിൾ മാത്രം. തുടർന്ന് അഞ്ചാം പന്തിൽ തകർപ്പനൊരു ഷോട്ടിലൂടെ ലോങ് ഓണിലേക്ക് 93 മീറ്റർ പാഞ്ഞ പടുകൂറ്റൻ സിക്സർ. അവസാന പന്തിൽ അതിലും മികച്ചൊരു ഷോട്ട് ആയിരുന്നു. യോർക്കർ കിംഗായ നട്ടുവിന്റെ കിടിലൻ യോർക്കറായിരുന്നു വന്നത്. പക്ഷേ ഷോർട്ട് തേർഡ്മാൻ ഫീൽഡറേ വെറും കാഴ്ചക്കാരനാക്കി ഒരു ചെത്ത് ഷോട്ടിലൂടെ മറ്റൊരു ബൗണ്ടറി. സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും ത്രില്ലർ ഫിനിഷ്!

Leave a Reply

Your email address will not be published. Required fields are marked *