Categories
Uncategorized

എല്ലാവരുടെയും ശ്വാസം നിലച്ച നിമിഷങ്ങൾ; അവസാന പന്തിൽ നാടകീയ രംഗങ്ങൾ.. വീഡിയോ കാണാം

ഈ ഐപിഎൽ സീസൺ കണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 4 വിക്കറ്റിന്റെ ആവേശവിജയം. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർക്ക് അവസാന പന്തിൽ 5 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. അതിൽ അബ്ദുൽ സമദ് അടിച്ച പന്ത് ലോംഗ്ഓഫിൽ ബട്ട്‌ലർ ക്യാച്ച് എടുത്തെങ്കിലും സന്ദീപ് ശർമ എറിഞ്ഞത് നോബോൾ ആവുകയായിരുന്നു. അതോടെ ഫ്രീഹിറ്റ് പന്തിൽ ബോളറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് പറത്തി സമദ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 95 റൺസെടുത്ത ഓപ്പണർ ജോസ് ബട്ട്‌ലറിന്റെയും 66 റൺസുമായി പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസന്റെയും മികവിലാണ് രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയത്. മറ്റൊരു ഓപ്പണർ ജയ്സ്വാൾ 18 പന്തിൽ 35 റൺസും എടുത്തു. കൂറ്റൻ സ്കോർ പിന്തുടർന്ന ഹൈദരാബാദിനായി ഇറങ്ങിയ എല്ലാവരും ചെറിയ ചെറിയ സംഭാവനകൾ നൽകിയെങ്കിലും അവർ വിജയത്തിൽ എത്തുമെന്ന് ആരും കരുതിയിരുന്നില്ല.

4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ മത്സരം രാജസ്ഥാന് അനുകൂലമാക്കി എന്ന് എല്ലാവരും കരുതി. അവസാന രണ്ട് ഓവറിൽ 41 റൺസ് വേണ്ടപ്പോൾ പേസർ കുൽദീപ് യാദവ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തുകളിൽ 6,6,6,4 എന്നിങ്ങനെ നേടിയ ഗ്ലെൻ ഫിലിപ്സ്, അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അഞ്ചാം പന്തിൽ ഫിലിപ്സ് ഔട്ടായതോടെ റോയൽസ് ആശ്വസിച്ചു. 17 റൺസ് വേണ്ട അവസാന ഓവർ എറിയാനെത്തിയത് പേസർ സന്ദീപ് ശർമ.

ആദ്യ പന്തിൽ അബ്ദുൽ സമദ് നൽകിയ ക്യാച്ച് ഒബെഡ് മകോയി വിട്ടുകളയുന്നു, അവർ ഡബിൾ നേടുകയും ചെയ്യുന്നു. രണ്ടാം പന്തിൽ ലോങ് ഓണിലേക്ക് സമദ് ഉയർത്തിയടിച്ചപ്പോൾ ജോ റൂട്ട് പറന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും അത് കയ്യിൽ തട്ടി സിക്സായി. മൂന്നാം പന്തിൽ വീണ്ടുമൊരു ഡബിൾ. മെച്ചപ്പെട്ട രീതിയിൽ എറിഞ്ഞ് നാലാം പന്തിലും അഞ്ചാം പന്തിലും സിംഗിൾ മാത്രം വിട്ടുകൊടുത്ത് സന്ദീപ് റോയൽസിന് പ്രതീക്ഷ നൽകി. അഞ്ച് റൺസ് വേണ്ട അവസാന പന്തിൽ ജോസ് ബട്ട്‌ലർ ക്യാച്ച് എടുത്തതോടെ ജയ്പൂർ സ്റ്റേഡിയം ഇളകിമറിഞ്ഞെങ്കിലും നോബോൾ സൈറൺ മുഴങ്ങിയതോടെ നിശബ്ദമായി. തുടർന്ന് സിക്സ് അടിച്ച് വിജയവും നേടി, അബ്ദുൽ സമദ് ഹീറോയായി.

Leave a Reply

Your email address will not be published. Required fields are marked *