Categories
Uncategorized

ആദ്യ ഓവറിൽ മാത്രം 26 റൺസ്; 13 പന്തിൽ റെക്കോർഡ് ഫിഫ്റ്റി.. ജൈസ്വാൾ വെടിക്കെട്ട് വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് 9 വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 57 റൺസെടുത്ത വെങ്കടെഷ് അയ്യർ അവരുടെ ടോപ് സ്കോററായി. മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ട്‌ലർ പൂജ്യത്തിന് റൺഔട്ട് ആയെങ്കിലും സഹഓപ്പണർ ജെയ്സ്വൾ 98 റൺസോടെയും നായകൻ സഞ്ജു 48 റൺസോടെയും പുറത്താകാതെ നിന്നു മത്സരം വിജയിപ്പിച്ചു.

പരുക്ക് ഭേദമായി മടങ്ങിയെത്തിയ പേസർ ട്രെന്റ് ബോൾട്ട് കൊൽക്കത്തയുടെ ഓപ്പണർമാർ ഇരുവരെയും പറഞ്ഞയച്ചുകൊണ്ട് രാജസ്ഥാന് മികച്ച തുടക്കം നൽകി. തുടർന്ന് 22 റൺസ് എടുത്ത നായകൻ നിതീഷ് റാണയെ പുറത്താക്കിയ സ്പിന്നർ ചഹാൽ 184 വിക്കറ്റുകൾ പൂർത്തിയാക്കിക്കൊണ്ട് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ബോളറായി മാറി. ഒരറ്റത്ത് അയ്യർ നന്നായി ബാറ്റ് ചെയ്തെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 4 ഓവറിൽ 25 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ചഹലാണ് അവരെ തകർത്തത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ യശസ്വി ജെയ്സ്വാൾ റോയൽസിന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. അദ്ദേഹം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടത്തിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. വെറും 13 പന്തിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 14 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടിയിട്ടുള്ള കെ എൽ രാഹുലിന്റെയും പാറ്റ് കമിൻസിന്റെയും റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

പതിവില്ലാതെ ആദ്യ ഓവറിൽതന്നെ പന്തെറിയാൻ എത്തിയ നായകൻ നിതീഷ് റാണയെ നിലംപരിശാക്കി, ജയ്സ്വാൾ കൊൽക്കത്തയിലെ ആരാധകരെ നിശബ്ദരാക്കുകയായിരുന്നു. ആദ്യ രണ്ട് പന്തുകളിൽ സിക്സ് നേടിയ അദ്ദേഹം തുടർന്നുള്ള രണ്ട് പന്തുകളിൽ ബൗണ്ടറിയും കണ്ടെത്തി. അഞ്ചാം പന്തിൽ ഒരു ഡബിൾ, അവസാന പന്തിൽ വീണ്ടുമൊരു ബൗണ്ടറി. അതോടെ ഒന്നാം ഓവറിൽ മാത്രം പിറന്നത് 26 റൺസാണ്. തുടർന്ന് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തലങ്ങും വിലങ്ങുമായി ഷോട്ടുകൾ പായിച്ച അദ്ദേഹം രാജസ്ഥാന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു.

https://players.brightcove.net/3588749423001/default_default/index.html?videoId=6327221431112

Leave a Reply

Your email address will not be published. Required fields are marked *