രണ്ടാം ടി20 മത്സരത്തിൽ ജയത്തോടെ വൻ തിരിച്ചുവരവുമായി വെസ്റ്റ്ഇൻഡീസ്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് പേസർ മേകൊയ് 6 വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തകർത്താടിയപ്പോൾ ഇന്ത്യയ്ക്ക് 138 റൺസിൽ ഒതുങ്ങേണ്ടി വന്നു.
ചെയ്‌സിങ്ങിൽ വെസ്റ്റ് ഇൻഡീസിന്
അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി.
തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു. 52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.
12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ് 6 വിക്കറ്റാണ് വീഴ്ത്തിയത്.