കേപ്ടൗണിലെ ന്യൂലാണ്ട്സിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൻ്റെ ആവേശകരമായ ആദ്യ ദിനത്തിന് പരിസമാപ്തി. സെഞ്ചുറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 32 റൺസിനും ഇന്ത്യയെ കീഴടക്കിയതിൻ്റെ ആത്മവിശ്വാസത്തിൽ എത്തിയ ആതിഥേയരായ ദക്ഷിണാഫ്രിക്ക, ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
9 ഓവറിൽ വെറും 15 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജിൻ്റെ മിന്നൽ പ്രകടനത്തിൽ അവർ തരിപ്പണമായി. 2 വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും മുകേഷ് കുമാറും കൂടിയായപ്പോൾ അവരുടെ ഇന്നിങ്സ് വെറും 55 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 153/4 എന്ന നിലയിൽ നിന്നും 153ന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. ഗിൽ(36), രോഹിത്(39), കോഹ്‌ലി(46) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. 6 താരങ്ങൾ പൂജ്യത്തിന് പുറത്തായി.
ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 62/3 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 36 റൺസ് പിറകിൽ. പരുക്കേറ്റ നായകൻ ടെമ്പ ബവുമയ്ക്ക് പകരം തൻ്റെ അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എല്ഗറാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. തൻ്റെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ, 28 പന്തിൽ 12 റൺസോടെയാണ് അദ്ദേഹം പുറത്തായത്. മുകേഷ് കുമാറിൻ്റെ പന്തിൽ സ്ലിപ്പിൽ കോഹ്‌ലിക്ക് ക്യാച്ച്.
തുടർന്ന് വിക്കറ്റ് നേട്ടം ആഘോഷിക്കാതെ എല്ഗറിന് ആദരം അർപ്പിക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്ന കോഹ്‌ലിയുടെ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കോഹ്‌ലി അതിനുശേഷം ഓടിയെത്തി അഭിനന്ദിക്കുന്നു, മറ്റ് ഇന്ത്യൻ താരങ്ങളും. ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ യാത്രയാക്കി.
വീഡിയോ..