Categories
Cricket India Latest News

പന്ത് കയ്യിൽ വെച്ച് റൺഔട്ട് വൈകിപ്പിച്ച് റിഷഭ് പന്തിന്റെ ‘കുട്ടിക്കളി’ ; ദേഷ്യപ്പെട്ട് രോഹിത് ശർമ്മ, പിന്നാലെ ശകാരവും ; വീഡിയോ

ഫ്ലോറിഡയിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 59 റൺസിന് പരാജയപ്പെടുത്തി പരമ്പര  3-1 ന് സ്വന്തമാക്കി ഇന്ത്യ.  192 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 132 റൺസിന് പുറത്തായി. നേരത്തെ,
റിഷഭ് പന്ത് 31 പന്തിൽ 44 റൺസുമായി തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് ഉയർത്തുകയായിരുന്നു.

രോഹിത് ശർമ്മയും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയതിന് ശേഷം പന്ത് ഇന്ത്യയുടെ ഇന്നിംഗ്‌സ് കെട്ടിപടുക്കുകയായിരുന്നു.  16 പന്തിൽ 33 റൺസ് എടുത്ത രോഹിതിനെ  അകേൽ ഹൊസൈൻ ക്ലീൻ ബൗൾഡ് ചെയ്തു, അതേസമയം സൂര്യകുമാർ യാദവ് 14 പന്തിൽ 24 റൺസെടുത്തപ്പോൾ അൽസാരി ജോസഫിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. 23 പന്തിൽ 30 നേടി സഞ്ജുവും 8 പന്തിൽ 20 റൺസെടുത്ത് അക്‌സർ പട്ടേലും തങ്ങളുടെ റോൾ ഭംഗിയാക്കി.

മത്സരത്തിനിടെ കുട്ടികളി കാരണം ക്യാപ്റ്റൻ രോഹിത് ശർമയിൽ നിന്ന് ശകാരം ഏറ്റുവാങ്ങിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ റിഷഭ്പന്ത്. അക്‌സർ പട്ടേൽ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് ക്യാപ്റ്റൻരോഹിതിനെ അതൃപ്തിപ്പെടുത്തിയ സംഭവം അരങ്ങേറിയത്. ആദ്യ 5 പന്തിൽ 22 റൺസ് അടിച്ചു കൂട്ടിയ പൂരൻ അവസാന പന്തിൽ സിംഗിളിന് ശ്രമിക്കുകയായിരുന്നു.

മറുവശത്ത് ഉണ്ടായിരുന്ന മയേഴ്‌സ് ഓടാനുള്ള പൂരന്റെ വിളിക്ക് സമ്മതം അറിയിച്ച് ഓടി തുടങ്ങി. എന്നാൽ സഞ്ജു അതിവേഗം വന്ന് പന്ത് കൈക്കൽ ആകുന്നത് ശ്രദ്ധയിൽ പ്പെട്ടതോടെ സ്‌ട്രൈക് എൻഡിലേക്ക് ഓടിയെത്താൻ സാധിക്കില്ലെന്ന് കണക്ക് കൂട്ടിയ മയേഴ്‌സ് പാതി വഴിയിൽ പിന്തിരിഞ്ഞു. ഇതേ സമയം പിച്ചിന്റെ മധ്യത്തിൽ എത്തിയ പൂരൻ ഒന്നും ചെയ്യാനാകാതെ സ്തംഭിച്ചു നിൽക്കേണ്ടി വന്നു.

കൃത്യ സമയത്ത് പന്ത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച് സഞ്ജു തന്റെ ഭാഗം പൂർത്തിയാക്കി. എന്നാൽ പന്ത് കൈയിൽ പിടിച്ച് റിഷഭ് പന്ത് ബെയ്‌ൽസ് ഇളക്കാതെ പൂരനെ നോക്കി നിൽക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ആഘോഷിക്കുന്നതിനിടയിലും റിഷഭ് പന്ത് ഇത് തുടർന്നു. പിന്നാലെ ക്യാപ്റ്റൻ രോഹിത് വന്ന് അക്ഷമനായി ബെയ്‌ൽസ് ഇളക്കാൻ പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *