ആരാധകരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് മലയാളി താരം സഞ്ജു സാംസണ് പവലിയനിലേക്കുള്ള വഴി കാണിച്ച് വെസ്റ്റിൻഡീസ് താരം ഒഡീൻ സ്മീത്ത്. മത്സരത്തിന്റെ പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ് ഒഡീൻ സ്മിത്ത് സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞത്.
ഒരു മികച്ച ഫിനിഷിങ് പ്രകടനം സഞ്ജുവിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകരുടെ ഹൃദയം തകർത്തത് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമായ സ്മിത്ത്. തന്റെ ആദ്യ ഓവറിൽ 15 റൺസ് വഴങ്ങിയതിന് ശേഷം പിന്നീട് പതിനാറാം ഓവർ ആണ് എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിംഗിൾ കളിച്ച ഹാർദിക് സഞ്ജുവിന് സ്ട്രൈക്ക് കൈമാറി.
രണ്ടാം പന്തിൽ സഞ്ജു ക്ലീൻ ബോൾഡ് ആകുകയായിരുന്നു. സാധാരണ സഞ്ജു ബോൾഡ് ആയി പുറത്താകുന്നത് വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. അതും നല്ല പേസ് കൂടിയ പന്തുകളിൽ സഞ്ജുവിന് ബാറ്റ് കൊള്ളിക്കാൻ കഴിയാതെ ഇരിക്കുന്നതും അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യമായിരുന്നു. എന്നാൽ ഇന്ന് സഞ്ജുവിന് രണ്ടും സംഭവിച്ചു.
സിംപിൾ ആയി തേർഡ് മാനിലേക്ക് കളിച്ചു ഒരു റൺ നേടാൻ ആയിരുന്നു സഞ്ജുവിന്റെ ശ്രമം. എന്നാലിന്ന് പന്ത് ഒരല്പം വേഗത്തിൽ ബാറ്റിന് അടിയിലൂടെ പാഞ്ഞു. ഓഫ് സ്റ്റമ്പ് അന്തരീക്ഷത്തിൽ പറന്നുയർന്നു തെറിച്ചുപോയി. 11 പന്തിൽ നിന്നും രണ്ട് ബൗണ്ടറി അടക്കം ആകെ 15 റൺസ് ആണ് സഞ്ജു ഇന്ന് പരമ്പരയിലെ അവസാന ട്വന്റി ട്വന്റി മത്സരത്തിൽ നിന്നും നേടിയത്.
ഇതോടെ ഏഷ്യ കപ്പ് ടീമിൽ ഇടം നേടാൻ ഉള്ള ഒരു വിദൂര സാധ്യത കൂടിയാണ് നഷ്ടമായത് എന്ന് കരുതുന്നു. ശ്രേയസ് അയ്യർ ആകട്ടെ ഇന്ന് മികച്ച രീതിയിൽ പ്രകടനം നടത്തുകയും ചെയ്തു. ഇനി ആരെ പുറത്തിരുത്തി സഞ്ജുവിന് ടീമിൽ ഇടം പിടിക്കാൻ കഴിയും? ഇന്ന് ഒരു നല്ല ഫിനിഷിങ് പ്രകടനം നടത്തിയിരുന്നു എങ്കിൽ പിന്നെയും ഒരു ചെറിയ പ്രതീക്ഷ വയ്ക്കാമായിരുന്നു.
മലയാളികളുടെ നെഞ്ച് തകർത്ത് സഞ്ജുവിൻ്റെ സ്റ്റംപ് തെറിപ്പിച്ചു ഒടിയൻ സ്മിത്ത് ; വിഡിയോ കാണാം.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയപ്പോൾ ഹാർദ്ധിക്കാണ് ഇന്ത്യയെ നയിച്ചത്. ഋഷഭ് പന്ത്, സൂര്യ കുമാർ യാദവ്, രോഹിത് ശർമ, ഭുവനേശ്വർ കുമാർ എന്നിവർക്ക് ഇഷേൻ കിഷൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, ഹാർധിക് പാണ്ഡ്യ എന്നിവർ പകരക്കാരായി.
അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 40 പന്തുകളിൽ നിന്നും രണ്ട് സിക്സും 8 ഫൊറും അടക്കം 64 റൺസ് ആണ് അയ്യർ നേടിയത്. ദീപക് ഹൂഡ 38 റൺസും പാണ്ഡ്യ 28 റൺസും നേടി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയിട്ടുണ്ട് ടീം ഇന്ത്യ. ഒഡീൻ സ്മീത്ത് 4 ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.