ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കി തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടവുമായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 44 പന്തിൽനിന്നും നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 60 റൺസ് നേടിയ കോഹ്‌ലി തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
അവസാന ഓവറിലെ നാലാം പന്തിൽ ഡബിൾ എടുക്കാനുള്ള ശ്രമത്തിൽ റൺ ഔട്ട് ആകുകയായിരുന്നു അദ്ദേഹം. മികച്ചൊരു ഡൈവിലൂടെ വിക്കറ്റ് കീപ്പർ നിൽക്കുന്ന ഭാഗത്ത് വെച്ച് ക്രീസിൽ എത്താൻ കോഹ്‌ലി ശ്രമിച്ചുവെങ്കിലും ഡീപ് സ്ക്വയർ ലെഗിൽ നിന്നുള്ള ആസിഫ് അലിയുടെ ത്രോ കിറുകൃത്യമായി സ്റ്റമ്പിൽ പതിക്കുകയായിരുന്നു.
എങ്കിലും മത്സരത്തിൽ ഉടനീളം തന്റെ വിന്റേജ് ശൈലിയിൽ കളിക്കാൻ സാധിച്ച കോഹ്‌ലി, ഇപ്പോൾ താൻ പഴയ ഫോമിലേക്ക് മടങ്ങി എത്തിയിരിക്കുന്നു എന്ന് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഏഷ്യ കപ്പ് ടൂർണമെന്റിൽ കോഹ്‌ലിയുടെ ഫോമിനെ കുറിച്ചായിരുന്നു എല്ലാവരുടെയും ചർച്ച. യുവതാരങ്ങളുടെ അവസരം കളഞ്ഞു കോഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്തിയതിൽ ഒരുപാടു പേർ നെറ്റി ചുളിച്ചിരുന്നു.
എന്നാൽ എല്ലാ വിമർശകരുടെയും വായടപ്പിച്ച് തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകുകയാണ് ഇതിഹാസ താരം വിരാട് കോഹ്‌ലി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ 35 റൺസ് നേടി ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകാതെ കാത്തു. രണ്ടാം മത്സരത്തിൽ ഹോങ്കോങ് ടീമിനെതിരെ 44 പന്തിൽ 59 റൺസ് എടുത്ത് ടൂർണമെന്റിലെ ഇത്തവണത്തെ ആദ്യ അർദ്ധ സെഞ്ചുറി നേടിയ താരവുമായി.
ഇന്നത്തെ മത്സരത്തിൽ സിക്സ് അടിച്ചാണ് അദ്ദേഹം തന്റെ അർദ്ധ സെഞ്ചുറി നേട്ടം പൂർത്തിയാക്കിയത്. മുഹമദ് ഹസ്‌നൈൻ എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. കൗ കോർണെറിലേക്ക് ഒരു മികച്ച വിപ്പ് ഷോട്ടിലൂടെയാണ് സിക്സ് നേടി ഫിഫ്റ്റി പൂർത്തിയാക്കിയത്. മത്സരത്തിൽ കോഹ്‌ലി നേടിയ ഒരേയൊരു സിക്സും അതായിരുന്നു.
സിക്സ് അടിച്ചു ഫിഫ്റ്റി തികച്ച ശേഷം ഒരു ആഘോഷം ഉണ്ട് ,യാ മോനെ..വീഡിയോ കാണാം.