ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ് നവാസിന്റെ കൈകളിൽ എത്തിച്ചു.
മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി പതിയെ ഇന്ത്യയെ നയിച്ചു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ് നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ് ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.
വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് വിരാട് കോഹ്ലി ഉറച്ച് നിന്നപ്പോൾ ഇന്ത്യക്ക് അത് ഏറെ ആശ്വാസം നൽകി, 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.
മത്സരത്തിനിടെ ഒമ്പതാം ഓവറിൽ ബോൾ ചെയ്യുന്നതിടെ ഷദബ് ഖാൻ സൂര്യകുമാർ യാദവിനെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചെങ്കിലും സൂര്യകുമാർ വളരെ പക്വതയോടെ അത് കൈകാര്യം ചെയ്തു, ഷദബ് ഖാന്റെ ബോളിൽ ലോങ്ങ് ഓഫിൽ ബൗണ്ടറിക്ക് ശ്രമിച്ച സൂര്യകുമാറിന് അതിന് സാധിച്ചില്ല പാക്കിസ്ഥാൻ ഫീൽഡർ ബോൾ ഡൈവ് ചെയ്ത് മികച്ച ഫീൽഡിങ്ങിലൂടെ ബൗണ്ടറി തടയുകയായിരുന്നു.