പാകിസ്ഥാനെതിരായ മത്സരത്തിൽ അനാവശ്യ ഷോട്ട് കളിച്ച് 14 റൺസുമായി പുറത്തായ യുവതാരം റിഷഭ് പന്തിനെതിരെ ഡ്രസിങ് റൂമിൽ വെച്ച് ചൂടാവുന്ന രോഹിതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. സൂര്യകുമാർ യാദവ് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ റിഷഭ് പന്ത് 12 റൺസുമായി നിൽക്കെയാണ് ഷദാബ് ഖാന്റെ ഡെലിവറിയിൽ റിവേഴ്‌സ് സ്വീപിന് ശ്രമിക്കുന്നതിനിടെ ക്യാച്ചിലൂടെ പുറത്തായത്.
റിഷഭ് പന്തിന്റെ പുറത്താകലിൽ അതൃപ്തനായ ക്യാപ്റ്റൻ രോഹിത് നെറ്റിചുളിച്ച് കൊണ്ടായിരുന്നു വരവേറ്റത്. തുടർന്ന് പുറത്താകലുമായി ബന്ധപ്പെട്ട്
ഡ്രസിങ് റൂമിൽ പന്തിനോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ടി20യിൽ മോശം ഫോമിൽ തുടരുന്ന റിഷഭ് പന്ത് ഇത്തരത്തിൽ പുറത്തായത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരാൻ കാരണമായിരിക്കുകയാണ്.
അതേസമയം മത്സരത്തിൽ കോഹ്ലിയുടെ ഇന്നിങ്സ് കരുത്തിൽ ഇന്ത്യ 182 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്. 44 പന്തിൽ 4 ഫോറും 1 സിക്‌സും അടക്കം 60 റൺസാണ് നേടിയത്. 28 റൺസുമായി രോഹിതും രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അഞ്ചാം ഓവറിന് പിന്നാലെ 3 വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായത് ഇന്ത്യൻ സ്കോറിന്റെ വേഗത കുറച്ചു. മികച്ച ഫോമിലുള്ള സൂര്യകുമാറും (13) ഹർദിക് പാണ്ഡ്യയും (0) ഇത്തവണ നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ ഇതുവരെ 11 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 82 റൺസ് നേടിയിട്ടുണ്ട്. 32 പന്തിൽ 44 റൺസുമായി റിസ്വാനും 6 പന്തിൽ 12 റൺസുമായി നവാസുമാണ് ക്രീസിൽ. 14 റൺസ് മാത്രം നേടി പുറത്തായി ക്യാപ്റ്റൻ ബാബർ അസം ഇത്തവണയും നിരാശപ്പെടുത്തി. ഏഷ്യാകപ്പിൽ ഇതുവരെ ബാബർ അസമിന് ഫോം കണ്ടെത്താനായിട്ടില്ല. 15 റൺസ് നേടിയ ഫഖർ സമാന്റെ വിക്കറ്റുമാണ് പാകിസ്ഥാൻ നഷ്ട്ടമായത്.