Categories
Cricket Latest News Video

പന്ത് പിടിക്കാൻ ശ്രമം ,ശേഷം വേദന കൊണ്ട് പുളഞ്ഞു റിസ്‌വാൻ ; വീഡിയോ കാണാം

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ അത്യന്തം ആവേശകരമായ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തോൽവി, ഗ്രൂപ്പ്‌ ഘട്ടത്തിൽ നേരിട്ട തോൽവിക്ക് പാക്കിസ്ഥാന് മധുര പ്രതികരമായി ഈ വിജയം,ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി ഒരറ്റത്ത് നങ്കുരമിട്ടപ്പോൾ ഇന്ത്യൻ സ്കോർ ചലിച്ച് കൊണ്ടിരുന്നു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ്‌ നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് മുഹമ്മദ്‌ ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.

മറുവശത്ത് 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ്‌ ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ ക്യാപ്റ്റൻ ബാബർ അസമിനെ(14) രവി ബിഷ്ണോയ് തുടക്കത്തിലേ വീഴ്ത്തി, എന്നാൽ വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചു, ഒമ്പതാം ഓവറിൽ ഫഖർ സമാനെ (15) ചഹൽ വീഴ്ത്തിയെങ്കിലും പിന്നാലെ വന്ന ഓൾ റൗണ്ടർ മുഹമ്മദ്‌ നവാസ് റിസ്‌വാനുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ  73 റൺസിന്റെ നിർണായക കൂട്ട് കെട്ട് പടുത്തുയർത്തി, 71 റൺസ് എടുത്ത റിസ്‌വാനെ ഹാർദിക്ക് പാണ്ഡ്യ 17ആം ഓവറിൽ വീഴ്ത്തി ബ്രേക്ക്‌ ത്രു സമ്മാനിച്ചെങ്കിലും ആസിഫ് അലിയും (16) കുഷ്ദിൽ ഷായും (14*) അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ മുഹമ്മദ്‌ ഹസ്നൈൻ എറിഞ്ഞ ബൗൺസർ തടയാൻ ഉയർന്ന് ചാടിയ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ റിസ്‌വാന് പരിക്കേറ്റത് പാക്കിസ്ഥാൻ ക്യാമ്പിൽ ആശങ്ക പടർത്തി, പെട്ടന്ന് തന്നെ ടീം ഫിസിയോ വന്ന് പരിശോധിച്ച് താരത്തിന് വലിയ കുഴപ്പമില്ല എന്ന് ഉറപ്പിച്ചു, 71 റൺസ് നേടിയ റിസ്‌വാന്റെ നിർണായക ഇന്നിംഗ്സാണ് മത്സരം പാക്കിസ്ഥാന് അനുകൂലമാക്കിയത്, 51 പന്തിലാണ് 6 ഫോറും 2 സിക്സും അടക്കം റിസ്‌വാൻ 71 റൺസ് നേടിയത്.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *