ഇന്നലെ നടന്ന ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തു. ഒരു പന്ത് ബാക്കി നിൽക്കെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചത്.
ഇന്ത്യക്കായി മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിതും രാഹുലും ചേർന്ന് നൽകിയത്. 5.1 ഓവറിൽ 54 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രണ്ടുപേരും 28 റൺസ് വീതമെടുത്ത് പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ഇന്ത്യക്കായി പൊരുതിയത് മുൻ നായകൻ വിരാട് കോഹ്‌ലി മാത്രമാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞ കോഹ്‌ലി 44 പന്തിൽ 60 റൺസ് എടുത്ത് അവസാന ഓവറിൽ റൺഔട്ട് ആകുകയായിരുന്നു.
182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് നായകൻ ബാബർ അസമിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. പിന്നീട് വന്ന ഫഖാർ സമാനും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ റിസ്വാനും മുഹമ്മദ് നവാസും ചേർന്ന കൂട്ടുകെട്ട് പാക്ക് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. റിസ്‌വാൻ 71 റൺസും നവാസ് 42 റൺസും എടുത്ത് പുറത്തായി.
ഇതോടെ ഇന്ത്യൻ ആരാധകർക്ക് അല്പം പ്രതീക്ഷ കൈവന്നെങ്കിലും അതിനു അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വന്ന കുഷ്ദിൽ ഷായും ആസിഫ് അലിയും ചേർന്ന് പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. പത്തൊമ്പതാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങി. അവസാന ഓവറിൽ 7 റൺസ് ആയിരുന്നു വിജയലക്ഷ്യം. അർഷദീപ് സിംഗ് ആണ് എറിഞ്ഞത്.
നേരത്തെ രവി ബിഷ്നോയി എറിഞ്ഞ പതിനെട്ടാം ഓവറിൽ ആസിഫ് അലി നൽകിയ ഈസി ക്യാച്ച് സിംഗ് നിലത്തിട്ടിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടി ആസിഫ് അലി മത്സരം പാക്കിസ്ഥാന് കൂടുതൽ അനുകൂലമാക്കി. നാലാം പന്തിൽ എൽബിഡബ്ലൂയിലൂടെ ആസിഫ് അലിയെ അർഷദീപ് പുറത്താക്കി എങ്കിലും സമയം വൈകിപ്പോയി. പിന്നീടുവന്ന ഇഫ്തിക്കർ അഹമ്മദ് അഞ്ചാം പന്തിൽ ഡബിൾ എടുത്ത് ഇന്ത്യൻ ആരാധകരെ കണ്ണീരിലാഴ്ത്തി പാക്കിസ്ഥാനെ വിജയത്തിൽ എത്തിച്ചു.
മത്സരത്തിലെ ഒരു രസകരമായ നിമിഷമായി ഫാഖർ സമന് നേരെ ചഹാൽ തുറിച്ചു നോക്കി നിന്നത്. ഒൻപതാം ഓവറിലെ നാലാം പന്തിൽ ചാഹലിനെ ലോങ് ഓണിലേക്ക് ബൗണ്ടറി അടിക്കാൻ ശ്രമിച്ച സമാന് പിഴച്ചു. കോഹ്‌ലിക്ക് ഈസി ക്യാച്ച്. മൂന്നാം പന്തിൽ സമൻ ഒരു ബൗണ്ടറി നേടിയിരുന്നു. വിക്കറ്റ് നേടിയതിന് ശേഷം യാതൊരു ആഘോഷവും ഇല്ലാതെ നിന്ന ചഹാൽ കുറച്ചു നേരത്തെ തുറിച്ചുനോട്ടത്തിലൂടെ സമാനെ പവലിയനിലേക്ക് യാത്രയാക്കി.