മൂന്ന് ഫോർമാറ്റിൽ നിന്നും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് വിരാട് കോഹ്‌ലി. ഏഷ്യാക്കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് കോഹ്ലി മാധ്യമങ്ങളെ കാണാനെത്തിയത്. ഈ വർഷം ജനുവരിയിലാണ് സൗത്താഫ്രിക്കൻ സീരിസിന് പിന്നാലെ ഏവരെയും ഞെട്ടിച്ച് കൊണ്ട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞത്.
അതിന് ഒരിക്കൽ പോലും ഇതിനെ പറ്റി കോഹ്ലി മനസ്സ്തുറന്നിരുന്നില്ല. ഒടുവിൽ ഇന്നലെ ചെറിയ രീതിയിൽ ഇതുമായി ബന്ധപ്പെട്ട് കോഹ്ലി സംസാരിച്ചിരുന്നു.
“ഞാൻ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ ധോണിയിൽ നിന്ന് മാത്രമാണ് മെസ്സേജ് ലഭിച്ചത്. കൂടെ കളിച്ചവരിൽ ഒരുപാട് പേരുടെ കയ്യിൽ എന്റെ നമ്പർ ഉണ്ടായിരുന്നിട്ടും അവരാരും മെസ്സേജ് അയച്ചിരുന്നില്ല. പലർക്കും എന്റെ ക്യാപ്റ്റൻസിയെ പറ്റി വിമർശനങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും ആരും എന്നോട് അത് നേരിട്ട് പറഞ്ഞില്ല. ടെലിവിഷൻ മുന്നിൽ മാത്രമാണ് അവർ നിർദ്ദേശങ്ങളുമായി എത്തിയത്. ഞങ്ങൾ തമ്മിൽ പരസ്പരം ബഹുമാനമുണ്ട്. അദ്ദേഹവുമായി (ധോണിയോട്) എനിക്ക് പ്രത്യേക ബന്ധമാണ്. ” കോഹ്ലി പറഞ്ഞു.
ഒരാൾക്ക് നിർദ്ദേശം നൽകാൻ ഞാൻ ഉദ്ദേശിക്കുന്നുവെങ്കിലും ഞാൻ നേരിട്ട് അദ്ദേഹത്തിന് നൽകും. നിങ്ങൾ ലോകത്തിന് മുന്നിൽ വെച്ച് നിർദ്ദേശങ്ങൾ നൽകിയാൽ, എന്റെ അഭിപ്രായത്തിൽ അതിന് ഒരു വിലയുമില്ല, കാരണം അത് എന്നെ എന്റെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ച് ആയിരുന്നുവെങ്കിൽ അവർ നേരിട്ട് പറഞ്ഞേനെ. നിങ്ങൾ ആത്മാർഥമായി എന്റെ മെച്ചപ്പെടലിന് ആഗ്രഹിക്കുന്നുവെങ്കിൽ നേരിട്ട് അറിയിക്കാം. ഞാൻ വളരെ സത്യസന്ധതയോടെയാണ് കളിക്കുന്നത്. അതിനാൽ തന്നെ ഏതാണ് സത്യമെന്ന് എനിക്കറിയാം ” കോഹ്‌ലി കൂട്ടിച്ചേർത്തു.
നേരെത്തെ ഏഷ്യാകപ്പിന് മുന്നോടിയായി ധോണിയെ കുറിച്ച് വൈകാരികമായ പോസ്റ്റുമായി കോഹ്ലി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.2016 ടി20 ലോകക്കപ്പിലെ ഫോട്ടോ പങ്കുവെച്ച് ‘ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയതാണ് എന്റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരമായ കാലഘട്ടം. ഞങ്ങളുടെ പാർട്ണർഷിപ്പ് എപ്പോഴും എനിക്ക് സവിശേഷമായിരിക്കും’ എന്നാണ് കോഹ്ലി കുറിച്ചത്.